Advertisement

ആഷസ്: ബെയർസ്റ്റോയും സ്റ്റോക്സും രക്ഷകരായി; ബാറ്റിംഗ് തകർച്ച ഒഴിവാക്കി ഇംഗ്ലണ്ട്

January 7, 2022
Google News 1 minute Read

ആഷസ് പരമ്പരയിലെ രണ്ടാം നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ്. 103 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. ബെൻ സ്റ്റോക്സും (66) മികച്ച പ്രകടനം നടത്തി. ഇപ്പോഴും ഓസ്ട്രേലിയൻ സ്കോറിൽ നിന്ന് 158 റൺസ് അകലെയാണ് ഇംഗ്ലണ്ട്.

ഓസ്ട്രേലിയയുടെ 416/8 എന്ന സ്കോറിനു മറുപടിയുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം ആദ്യ മണിക്കൂറിൽ തന്നെ 4 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്നടിഞ്ഞു. ഹസീബ് ഹമീദ് (6), സാക്ക് ക്രൗളി (18), ജോ റൂട്ട് (0), ഡേവിഡ് മലാൻ (3) എന്നിവരൊക്കെ വേഗം മടങ്ങിയപ്പൊൾ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി വഴങ്ങുമെന്ന് തോന്നി. എന്നാൽ, അഞ്ചാം വിക്കറ്റിൽ സ്റ്റോക്സും ബെയർസ്റ്റോയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം അവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർച്ചയായ 12 ഓവറുകളോളം മെയ്ഡനാക്കി അമിത പ്രതിരോധത്തിലേക്ക് തിരിഞ്ഞ സഖ്യം സഖ്യം പിന്നീട് സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സെറ്റായതിനു ശേഷം ഇരുവരും തുടർച്ചയായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി. 132 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനു ശേഷം സ്റ്റോക്സ് മടങ്ങി.

ഏഴാം നമ്പരിലിറങ്ങിയ ജോസ് ബട്‌ലർ വേഗം മടങ്ങിയെങ്കിലും എട്ടാം നമ്പരിൽ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവച്ച മാർക്ക് വുഡ് ബെയർസ്റ്റോയ്ക്കൊപ്പം 72 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായി. 41 പന്തിൽ 39 റൺസെടുത്താണ് വുഡ് മടങ്ങിയത്. ഇന്നത്തെ അവസാന ഓവറിൽ ബെയർസ്റ്റോ സെഞ്ചുറി തികച്ചു. താരത്തിൻ്റെ കരിയറിലെ ഏഴാം സെഞ്ചുറിയായിരുന്നു ഇത്. ബെയർസ്റ്റോയ്ക്കൊപ്പം ജാക്ക് ലീച്ച് ആണ് ക്രീസിൽ.

Story Highlights : england batting australia ashes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here