Advertisement

ഉത്തരാഖണ്ഡിൽ ജാതി, മത സമവാക്യങ്ങൾ നിർണായകം; പ്രതികൂല ഘടകങ്ങൾക്കിടയിലും ബിജെപിക്ക് നേരിയ മുൻതൂക്കം

January 7, 2022
Google News 2 minutes Read
uttarakhand election bjp survey

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. 70 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ഉത്തരാഖണ്ഡിൽ ജാതി സമവാക്യങ്ങളാണ് നിർണായകമാവുക. കർഷക നിയമങ്ങൾ, തൊഴിലില്ലായ്മ എന്നിവയും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സ്വാധീനം ചെലുത്തും. നിലവിൽ ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബിജെപിയാണ്. 2017 തെരഞ്ഞെടുപ്പിൽ 57 സീറ്റിൻ്റെ വ്യക്തമായ മുൻതൂക്കത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവിൽ പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഗ്രൂപ്പ് വഴക്കും ആഭ്യന്തര പോരുകളും കാരണം മൂന്ന് തവണയാണ് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം ത്രിവേന്ദ്ര സിംഗ് റാവത്തും പിന്നീട് തിരാത്ത് സിംഗും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായി. അവസാനത്തെയാളാണ് ധാമി. എന്നാൽ, ഇത്തരം തലവേദനകൾക്കിടയിലും ബിജെപിയ്ക്ക് ഭരണത്തുടർച്ചയുണ്ടാവുമെന്ന സൂചനയാണ് ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ നൽകുന്നത്. കർഷക സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെങ്കിലും ബിജെപി നേരിയ വ്യത്യാസത്തിൽ അധികാരത്തിലേറുമെന്നും സർവേ പറയുന്നു. (uttarakhand election bjp survey)

ആകെയുള്ള 70 സീറ്റുകളിൽ 35-38 സീറ്റുകളിലും ബിജെപി വിജയിക്കും എന്ന് സർവേ പറയുന്നു. ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാവുന്ന കോൺഗ്രസ് 27 മുതൽ 31 സീറ്റുകൾ വരെ നേടും. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്പിച്ച കോൺഗ്രസ് പൊരുതാനുറച്ചാണ് ഇറങ്ങുന്നത്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ അടക്കമുള്ള വാഗ്ദാനങ്ങളുയർത്തിയ ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും സർവേഫലം പറയുന്നു.

5000ഓളം പേരാണ് സർവേയിൽ പങ്കെടുത്തത്. വോട്ട് ഷെയറിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. ബിജെപിക്ക് 39 ശതമാനം വോട്ട് ഷെയർ ലഭിക്കുമ്പോൾ കോൺഗ്രസിന് 38.2 ശതമാനം വോട്ട് ഷെയർ ലഭിക്കും. ആം ആദ്മി പാർട്ടിയുടെ വോട്ട് ഷെയർ 11.7 ആണ്.

ബിജെപി സർക്കാർ പദ്ധതികൾ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുമെന്ന് 69 ശതമാനം ആളുകൾ കരുതുന്നു. മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയതെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണത്തുടർച്ച ഉണ്ടാവുമെന്നും ഇവർ പറയുന്നു. തൊഴിലില്ലായ്മയും കുടിയേറ്റവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് 47 ശതമാനം ആളുകൾ കരുതുന്നു. 20 ശതമാനം ആളുകൾ ആരോഗ്യവും ജലവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുമ്പോൾ 12 ശതമാനം പേർ വിദ്യാഭ്യാസവും 10 ശതമാനം പേർ നാണ്യപ്പെരുപ്പവും സ്വാധീന ശക്തിയാകുമെന്ന് കരുതുന്നു.

ബ്രാഹ്മിൺ, രജ്പുത് വിഭാഗങ്ങളിലെ 45 ശതമാനം വീതം ആളുകൾ ബിജെപിക്കായി വോട്ട് ചെയ്യും. ഈ ജാതിയിൽ പെട്ട 35 ശതമാനം വീതം ആളുകൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. മുസ്ലിം സമുദായത്തിലെ 85 ശതമാനം പേർ സിഖ് സമുദായത്തിലെ 60 ശതമാനം പേരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. പട്ടികജാതി വിഭാഗത്തിൽ 75 ശതമാനം പേരും കോൺഗ്രസിനെ അനുകൂലിക്കുന്നു.

മുഖ്യമന്ത്രിയാവാൻ ഏറ്റവും സാധ്യത കല്പിക്കുന്നത് നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയ്ക്കാണ്. 40 ശതമാനം ആളുകൾ ധാമിയെ പിന്തുണയ്ക്കുമ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനെ 30 ശതമാനം ആളുകൾ പിന്തുണയ്ക്കുന്നു. ബിജെപി നേതാവ് അനിൽ ബലൂനി (20 ശതമാനം), ആം ആദ്മി നേതാവ് റിട്ടയേർഡ് കേണൽ അജയ് കോതിയാൽ (9) ശതമാനം എന്നിങ്ങനെയാണ് മുഖ്യമന്ത്രി പദത്തിൽ ആളുകൾ പിന്തുണയ്ക്കുന്നത്.

Story Highlights : uttarakhand election bjp survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here