Advertisement

കുത്തേറ്റ് കിടക്കുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ പൊലീസുകാരോട് അഭ്യർത്ഥിച്ചപ്പോൾ ‘അവിടെ കിടക്കട്ടെ’ എന്ന് പറഞ്ഞു; ആരോപണം

January 10, 2022
2 minutes Read
dheeraj murder student police

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. കുത്തേറ്റ് കിടക്കുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ പൊലീസുകാരോട് അഭ്യർത്ഥിച്ചപ്പോൾ ‘അവിടെ കിടക്കട്ടെ’ എന്ന് പൊലീസ് പറഞ്ഞു എന്ന് കോളജ് വിദ്യാർത്ഥി ട്വൻ്റിഫോറിനോട് പറഞ്ഞു. (dheeraj murder student police)

“നാലഞ്ച് പേര് ഓരോ സൈഡിൽ നില്പുണ്ടായിരുന്നു. അവരോട് ഞങ്ങൾ പറഞ്ഞു, വണ്ടി വേണം, ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞു. അപ്പോ അവര് പറഞ്ഞു, അവിടെ കിടക്കട്ടെന്ന് പറഞ്ഞു. പിന്നെ കോളജ് ആവശ്യത്തിനായ വണ്ടി തടഞ്ഞുനിർത്തി ആ വണ്ടിയിലാണ് കേറ്റിക്കൊണ്ടുവന്നത്.”- വിദ്യാർത്ഥി പ്രതികരിച്ചു.

ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാർത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read Also : ധീരജിന്റെ കൊലപാതകം; പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രതിഷേധം; കെഎസ്‌യുവിന്റെ പതാക വലിച്ചുകീറി

കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായുള്ള കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. അഭിജിത്ത് ടി. സുനിൽ, അമൽ എ എസ് എന്നീ രണ്ട് വിദ്യാർത്ഥികൾക്കുകൂടി സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.

കഴുത്തിൽ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. സംഘർഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ് അറിയിച്ചുഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെഎം സച്ചിൻ ദേവ് അറിയിച്ചിട്ടുണ്ട്.

Story Highlights : dheeraj murder student against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top