ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ ആദ്യം ഐകദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പിന്നീട് കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു. (more supports attack survivor)
അന്ന ബെൻ, ഐശ്വര്യ ലക്ഷ്‍മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയ താരങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടിയെ പിന്തുണച്ച് രംഗത്തെത്തിയത്. ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും നടി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം നടിക്ക് പിന്തുണയുമായി എത്തിയത്.
നടിയുടെ കുറിപ്പ്:
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എൻറെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‍തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‍ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എൻറെ ശബ്‍ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‍നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് പുറത്ത് വന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടതായി എഫ്ഐആറിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എസ്പി കെ എസ് സുദർശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താൻ ഗൂഡാലോചന നടന്നുവെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. 2017 നവംബർ 15നായിരുന്നു ഗൂഡാലോചന നടന്നത്.
Story Highlights : more supports for attack survivor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here