Advertisement

നിലത്തിറങ്ങി ബംഗ്ലാ കടുവകൾ; ന്യൂസീലൻഡിന് ഇന്നിംഗ്സ് ജയം

January 11, 2022
Google News 2 minutes Read
newzealand won bangladesh test

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂസീലൻഡിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും റൺസിനുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ലിറ്റൺ ദാസ് (102) മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. കിവീസിനു വേണ്ടി കെയിൽ ജമീസൺ ന്യൂസീലൻഡിനായി 4 വിക്കറ്റ് വീഴ്ത്തി. നീൽ വാഗ്നറിന് 3 വിക്കറ്റുണ്ട്. (newzealand won bangladesh test)

കഴിഞ്ഞ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിയ്ക്ക് പകരം വീട്ടാനുറച്ചെത്തിയ ന്യൂസീലൻഡ് ആദ്യ ഇന്നിംഗ്സിൽ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 521 റൺസെന്ന പടുകൂറ്റൻ സ്കോർ. ടോം ലതം (252) കിവീസിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഡെവോൺ കോൺവേ (109), ടോം ബ്ലണ്ടൽ (57 നോട്ടൗട്ട്), വിൽ യങ് (54) എന്നിവരും തിളങ്ങി.

Read Also : മൂന്ന് ഫോർമാറ്റുകളിലുമായി ന്യൂസീലൻഡിനെതിരെ ആദ്യ ജയം; ചരിത്രം തിരുത്തി ബംഗ്ലാദേശ്

മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ബംഗ്ലാദേശ് 126 റൺസിന് ഓൾ ഔട്ടായി. യാസിർ അലി (55), നൂറൂൽ ഹസൻ (41) എന്നിവരൊഴികെ ബാക്കിയെല്ലാവരും ഒറ്റയക്കത്തിൽ പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ ട്രെൻ്റ് ബോൾട്ട് ആണ് ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. ടിം സൗത്തി മൂന്ന് പേരെ പുറത്താക്കിയപ്പോൾ കെയിൽ ജമീസൺ 2 വിക്കറ്റ് സ്വന്തമാക്കി. ഫോളോ ഓൺ വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിലും തകർന്നടിഞ്ഞു. 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിൽ പതറിയ അവരെ നൂറുൽ ഹസനും ലിറ്റൺ ദാസും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷപ്പെടുത്തി. 101 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. നൂറുൽ ഹസൻ (36) പുറത്തായതിനു പിന്നാലെ വീണ്ടും തകർച്ച. ഇതിനിടെ ലിറ്റൺ ദാസ് സെഞ്ചുറി തികച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല. അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന റോസ് ടെയ്‌ലർ ഇബാദത്ത് ഹുസൈനെ വീഴ്ത്തി ബംഗ്ലാ ഇന്നിംഗ്സ് 278ൽ അവസാനിപ്പിച്ചു. ടെസ്റ്റ് കരിറിൽ റോസ് ടെയ്‌ലറുടെ മൂന്നാം വിക്കറ്റ് മാത്രമായിരുന്നു അത്.

ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ ജയം. മൂന്ന് ഫോർമാറ്റുകളിലുമായി ന്യൂസീലൻഡിൽ ആതിഥേയർക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണിത്. ഒപ്പം ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് ജയം, അഞ്ച് മുൻനിര ടീമുകൾക്കെതിരായ എവേ ടെസ്റ്റുകളിൽ ആദ്യ ജയം എന്നീ റെക്കോർഡുകളും ബംഗ്ലാദേശ് സ്വന്തമാക്കി. 2017 മാർച്ചിനു ശേഷം സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം പോലും പരാജയപ്പെട്ടിട്ടില്ലാത്ത ന്യൂസീലൻഡിൻ്റെ റെക്കോർഡും ഇതോടെ തകർന്നു.

Story Highlights : newzealand won bangladesh test cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here