‘നടന്നത് ആസൂത്രിത കൊലപാതകം; അവിടെ സംഘർഷം ഉണ്ടായിരുന്നില്ല’; കോൺഗ്രസിനെയും പൊലീസിനെയും തള്ളി കോടിയേരി

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോളജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പൊലീസ് വാദങ്ങൾ തള്ളിയാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം. ധീരജിൻ്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (kodiyeri balakrishnan dheeraj murder)
Read Also : ‘ധീരജിന്റേത് ചോദിച്ചുവാങ്ങിയ രക്തസാക്ഷിത്വം’; വിവാദ പ്രസ്താവനയുമായി കെ സുധാകരൻ
‘അവർക്കുണ്ടായത് പരിഹാര്യമായ നഷ്ടമല്ല. ആ വേദനയുമായാണ് കുടുംബം ഇപ്പോൾ ജീവിക്കുന്നത്. ധീരജിൻ്റെ കൊലപാതകം കുടുംബത്തെ മാത്രമല്ല, നാടിനെയാകെ നടുക്കിയ സംഭവമാണ്. അതിൽ നിന്ന് ഇപ്പോഴും ആരും മോചനം നേടിയിട്ടില്ല. ഇത് ആസൂത്രിതമായി നടന്ന കൊലപാതകമാണ്. അവിടെ സംഘർഷം ഉണ്ടായിരുന്നില്ല. പുറത്തുനിന്നെത്തിയ ആളുകളാണ് കൊല നടത്തിയത്. നാട്ടിൽ ഇത്തരം കൊലയാളി സംഘങ്ങൾ ഉണ്ടായാൽ കലാലയങ്ങളുടെ പ്രവർത്തനം നടക്കില്ല. ഗൂഢാലോചന പരിശോധിക്കണം. ഒളിവ് സങ്കേതം എറണാകുളത്ത് നൽകാമെന്നറിയിച്ചതിനാലാവാം പ്രതി ബസിൽ എറണാകുളത്തേക്ക് വന്നത്. അതാരെന്ന് അന്വേഷിക്കണം. കൊലപാതകം നടത്തിയിട്ട് അവർ വീണ്ടും കൊല ചെയ്യുകയാണ്. സുധാകരൻ്റെ പരാമർശമൊക്കെ പ്രകോപനകരമാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമാണ് അത്. അതിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിൻവാങ്ങണം. ഒരാൾ കൊല ചെയ്യപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണോ? സിപിഐഎം അങ്ങനെയല്ല. ഈ പ്രകോപനത്തിൽ സിപിഐഎം പ്രവർത്തകർ കുടുങ്ങരുത്. കോൺഗ്രസ് ഓഫീസുകളോ കൊടിയോ തകർക്കരുത്. അവരെ ഒറ്റപ്പെടുത്തണം. ഇന്നലത്തെ പരിപാടി (തിരുവാതിര) ഒഴിവാക്കേണ്ട പരിപാടി ആയിരുന്നു.’- കോടിയേരി പറഞ്ഞു.
Read Also : ധീരജ് കൊലപാതകം; സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു: കെ സുധാകരൻ
കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ധീരജിനെ കുത്തിയ നിഖില്‍ പൈലി അടക്കം പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെ ധീരജിന് കുത്തേൽക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.
Story Highlights : kodiyeri balakrishnan response dheeraj murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here