പാകിസ്താൻ, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ; ചതുർരാഷ്ട്ര ടി-20 പരമ്പരക്കൊരുങ്ങി പിസിബി

ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തിയുള്ള ചതുർരാഷ്ട്ര ടി-20 പരമ്പരക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്. ഇന്ത്യ, പാകിസ്താൻ ടീമുകൾക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാവും പരമ്പരയിൽ കളിക്കുക. പിസിബി ചെയർമാൻ റമീസ് രാജയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആശയം പങ്കുവച്ചത്.
‘ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഉൾക്കൊള്ളുന്ന ചതുർരാഷ്ട്ര ടി-20 സൂപ്പർ സീരീസിനായുള്ള പദ്ധതി ഐസിസിയ്ക്ക് മുന്നിൽ സമർപ്പിക്കും. എല്ലാ വർഷവും കളിക്കുന്ന തരത്തിലാവും സീരീസ്. നാല് രാജ്യങ്ങളും ഊഴമനുസരിച്ച് പരമ്പര നടത്തും. ഐസിസിയുടെ എല്ലാ അംഗങ്ങൾക്കുമായി ലാഭവിഹിതം പങ്കുവെക്കും.’- റമീസ് രാജ കുറിച്ചു.
ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. 2013ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്.
ഇന്ത്യയും പാകിസ്താനും അവസാനം കളിച്ചത് 2020 ടി-20 ലോകകപ്പിലാണ്. മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുൽ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീൻ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
Story Highlights : pakistan india england australia t20 pcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here