നഷ്ടമായത് രണ്ട് വിക്കറ്റ്; ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. 212 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്. ഓപ്പണർമാർ ആണ് പുറത്തായത്. കീഗൻ പീറ്റേഴ്സൺ (48) ക്രീസിൽ തുടരുകയാണ്.
എയ്ഡൻ മാർക്രത്തെ (16) ഷമി വേഗം വീഴ്ത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ഡീൻ എൽഗറും കീഗൻ പീറ്റേഴ്സണും തിരിച്ചടിച്ചു. പീറ്റേഴ്സൺ ആക്രമിച്ച് കളിച്ചപ്പോൾ എൽഗർ ഉറച്ച പിന്തുണ നൽകി. കിണഞ്ഞുശ്രമിച്ചിട്ടും ഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ ഇന്നത്തെ അവസാന ഓവറിൽ ബുംറയാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 30 റൺസെടുത്ത് എൽഗർ പുറത്തായതോടെ ഇന്നത്തെ മത്സരം അവസാനിച്ചു. രണ്ട് ദിവസവും 8 വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 111 റൺസാണ്. അത് നാളെത്തന്നെ നേടി പരമ്പര നേടാനാവും പ്രോട്ടീസ് ശ്രമം.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 198 റൺസ് എടുത്ത് പുറത്തായിരുന്നു. 100 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്ത് ആണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. കോലിയാണ് (29) ഇന്ത്യയുടെ അടുത്ത ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജൻസെൻ നാല് വിക്കറ്റ് വീഴ്ത്തി.
Story Highlights : south africa lost 2 wickets south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here