നടിയെ അക്രമിച്ച കേസ് : വിചാരണക്കോടതിക്കെതിരായ ഹർജിയിൽ വിധി തിങ്കളാഴ്ച

വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികൾ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. ( kochi actress attack case petition )
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.
അതിനിടെ, സംസ്ഥാനത്തെ കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ കോടതികൾ ഓൺലൈനായി പ്രവർത്തിക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിങ്കളാഴ്ച മുതലാണ് കോടതികൾ ഓൺലൈനിലേക്കുമാറുന്നത്. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് സർക്കുലറിൽ വിശദീകരിക്കുന്നത്. അതേസമയം തീർത്തും ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം കോടതിയിൽ നേരിട്ട് വാദം നടത്താൻ അനുമതിയുണ്ട്. നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പ്രവേശിപ്പിക്കുന്ന പരമാവധി ആളുകളുടെ എണ്ണം പതിനഞ്ചായി നിജപ്പെടുത്തി. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
Read Also : നടിയെ അക്രമിച്ച കേസ് : കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
സംസ്ഥാനത്ത് ഇന്ന് 17,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26.92 ആണ് ടിപിആർ. ഇന്ന് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,91,286 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4052 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 90,649 കോവിഡ് കേസുകളിൽ, 4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 89 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 150 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂർ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂർ 302, കാസർഗോഡ് 116 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
Story Highlights : kochi actress attack case petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here