Advertisement

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ: ഇന്ത്യയ്ക്ക് തിരിച്ചടി

January 15, 2022
Google News 2 minutes Read
wtc point table india

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര അടിയറ വച്ചത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടി. പരമ്പര തോൽവിയോടെ ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 53 പോയിൻ്റുള്ള ഇന്ത്യയുടെ പോയിൻ്റ് ശതമാനം 49.07 ആണ്. അതേസമയം, ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് ഉയർന്നു. 66.67 ശതമാനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 24 പോയിൻ്റുണ്ട്. (wtc point table india)

ആകെ മൂന്ന് പരമ്പരകളാണ് ഇന്ത്യ കളിച്ചത്. 8 മത്സരങ്ങൾ. ഇതിൽ 4 മത്സരം വിജയിച്ച ഇന്ത്യ മൂന്നെണ്ണത്തിൽ തോറ്റു. രണ്ട് ടെസ്റ്റ് സമനിലയായി. പെനാൽറ്റിയായി മൂന്ന് പോയിൻ്റുകൾ നഷ്ടമാവുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ നാല് മത്സരം കളിച്ച ഇന്ത്യ 2-1നു പരമ്പര ലീഡ് ചെയ്യുകയാണ്. അവസാന മത്സരം കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. ന്യൂസീലൻഡിനെതിരെ നടന്ന രണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0നു വിജയിച്ചു. രണ്ട് പരമ്പരകളിലെയും ആദ്യ ടെസ്റ്റ് സമനില ആയിരുന്നു.

Read Also : കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി; സീനിയർ താരങ്ങളെ ഒഴിവാക്കണമെന്ന് കോലി

ശ്രീലങ്കയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. വിൻഡീസിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയ ശ്രീലങ്ക 24 പോയിൻ്റുമായി 100 ശതമാനത്തിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 83.33 ശതമാനത്തിൽ 40 പോയിൻ്റുള്ള ഓസ്ട്രേലിയ രണ്ടാമതാണ്. 75 ശതമാനത്തിൽ 36 പോയിൻ്റുള്ള പാകിസ്താൻ മൂന്നാമതുണ്ട്. ഇംഗ്ലണ്ടാണ് പട്ടികയിൽ ഏറ്റവും അവസാനം. 10.41 ശരാശരിയിൽ ആകെ 10 പോയിൻ്റാണ് ഇംഗ്ലണ്ടിൻ്റെ സമ്പാദ്യം.

കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 63.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

കീഗൻ പീറ്റേഴ്സൺ (82), റാസി വാൻ ഡെർ ഡുസെൻ (പുറത്താകാതെ 41), ടെംബ ബാവുമ (പുറത്താകാതെ 32) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പികൾ. ഒരു വിക്കറ്റ് നേടാൻ മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് കഴിഞ്ഞത്. പീറ്റേഴ്‌സണിനെ ഷാർദുൽ ഠാക്കൂറാണ് പുറത്താക്കിയത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ 113 റൺസിന് ഇന്ത്യ വിജയിച്ചപ്പോൾ ജോഹന്നാസ്ബർഗിൽ ആതിഥേയർ ഏഴ് വിക്കറ്റ് വിജയവുമായി തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയിൽ കന്നി പരമ്പര നേടാനുള്ള ഇന്ത്യയുടെ മികച്ച അവസരമായിരുന്നു ഇത്.

Story Highlights : wtc point table india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here