മണിപ്പൂർ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ രക്ഷിക്കാൻ കോൺഗ്രസ് ആഹ്വാനം, പാർട്ടി വിട്ട് കൂടുതൽ നേതാക്കൾ

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. വൈസ് പ്രസിഡന്റ് കെ രതൻകുമാർ സിംഗ് പാർട്ടി സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിഞ്ഞെങ്കിലും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിട്ടില്ലെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു.
മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ രത്തൻകുമാർ സിംഗ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മയാങ് ഇംഫാൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന ഘടകത്തിന്റെ മറ്റൊരു വൈസ് പ്രസിഡന്റായ ചാൾട്ടൺലിയൻ അമോ ജനുവരി 9 ന് പാർട്ടി വിട്ടിരുന്നു. പിന്നാലെ ഭരണകക്ഷിയായ ബിജെപിയിൽ അദ്ദേഹം ചേർന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാർട്ടിയുടെ 28 നേതാക്കളിൽ 16 പേരും പാർട്ടി വിട്ടു. അതേസമയം ബിജെപിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. ഞായറാഴ്ച കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിലാണ് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) 12-ാമത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണ ഗാനം ‘ഐഖോയ് കോൺഗ്രസ്കാ ലോയിനാന’ പുറത്തിറക്കിയത്.
ബിജെപി സർക്കാരിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുകയും പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പാർട്ടി അതിന്റെ പങ്ക് ഫലപ്രദമായി നിർവഹിക്കുകയും ചെയ്യുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച മുൻ മുഖ്യമന്ത്രി ഒ ഇബോബി പറഞ്ഞു. സർക്കാരിന്റെ ഒരു നല്ല സംരംഭത്തെയും പാർട്ടി വിമർശിക്കുന്നില്ല. എന്നാൽ, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ബിജെപി സർക്കാരിന്റെ കഴിവുകേടിനും പരാജയത്തിനുമെതിരെ ചോദ്യങ്ങൾ ഉന്നയിക്കും. ഒന്നിലധികം തവണ സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി മോദി വികസനത്തിനായി എന്തെങ്കിലും ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനം സന്ദർശിച്ച നിരവധി കേന്ദ്രമന്ത്രിമാർ ഒന്നും കൊണ്ടുവന്നില്ലെന്ന് പൊതുജനങ്ങൾക്കും അറിയാം, ഇബോബി കൂട്ടിച്ചേർത്തു. ബിജെപി സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളും ലംഘിച്ചു. രാജ്യത്തെയും സംസ്ഥാനത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ പൊതുജനങ്ങൾ അവരുടെ നിലപാട് എടുക്കേണ്ട സമയമാണിത്. കോൺഗ്രസ് സ്ഥാപിച്ച ജനാധിപത്യത്തെയാണ് ബിജെപി പരിഹസിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ വ്യാപകമായ ലംഘനം ബിജെപിയുടെ ധാർഷ്ട്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തെ ബിജെപി പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു. ജനാധിപത്യത്തെ ലംഘിക്കുന്ന ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ തടയേണ്ടത് പൊതുജനങ്ങളാണെന്നും സിഎൽപി നേതാവ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കും സ്ത്രീശാക്തീകരണത്തിനുമായി കോൺഗ്രസ് സർക്കാരിന് ശക്തമായ നയങ്ങളുണ്ടായിരുന്നു.തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്ക് മന്ത്രിസ്ഥാനം നൽകുകയും രാജ്യസഭാ സീറ്റ് ന്യൂനപക്ഷ സമുദായത്തിന് നൽകുകയും ചെയ്തു. സർക്കാർ ജോലികളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണ നയങ്ങളുണ്ടായിരുന്നു. തീരുമാനങ്ങളെടുക്കുന്ന സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം പാസാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും അതുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2022ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വലിയ ഫണ്ട് ചെലവഴിച്ച് പാർട്ടിയിൽ നിന്ന് ശക്തരായ എതിരാളികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അവരുടെ ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ല. 2022 തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ പ്രതീക്ഷകൾ ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന്റെ പരാജയപ്പെട്ട നയങ്ങൾക്കെതിരെ നിലകൊള്ളാനും മികച്ച മണിപ്പൂരിനായി കോൺഗ്രസിനെ പിന്തുണയ്ക്കാനും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി സർക്കാർ കാര്യമായൊന്നും ചെയ്തില്ല. ഇരട്ട എഞ്ചിൻ സർക്കാരിന് കീഴിൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ മോശമായ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. എംജിഎൻആർഇജിഎസിനു കീഴിലുള്ള ജോബ് കാർഡ് ഉടമകൾക്ക് വേണ്ടിയുള്ള കേന്ദ്ര ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്തു. എല്ലാവർക്കും വീട്, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളുടെ ശരിയായ ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു, കഴിവുകെട്ട ബിജെപി സർക്കാരിനെ പൊതുജനങ്ങൾ ശരിയായ പാഠം പഠിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : manipur-polls-congress-calls-for-saving-state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here