ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; പരീക്കറിന്റെ മകന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന ‘ശരിയായ ആദരമാകും’ അതെന്നും റാവത്ത് വ്യക്തമാക്കി. പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് റാവത്ത് ട്വിറ്ററിൽ കുറിച്ചു.
‘ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥിയായി പനജിയിൽനിന്നു മത്സരിക്കുകയാണെങ്കിൽ എല്ലാ ബിജെപി ഇതരകക്ഷികളും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നു ഞാൻ ആവശ്യപ്പെടുകയാണ്. ആം ആദ്മി പാർട്ടി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികൾ ഉത്പലിനെതിരെ സ്ഥാനാർഥിയെ നിർത്തരുത്. ഇതു മനോഹർ ഭായിക്ക് ശരിയായ ആദരമായിരിക്കും’– റാവത്ത് ട്വിറ്ററിൽ കുറിച്ചു.
Read Also : സംസ്ഥാന വ്യാപക റെയ്ഡ്; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്
പനാജിയിൽ നിന്ന് മനോഹർ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊൻസരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറി.
ബിജെപി നേതാവായ ഉത്പലിന്, പിതാവിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊൻസരാറ്റെയെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല. പനജി സീറ്റിനെച്ചൊല്ലി ഉത്പൽ അസ്വസ്ഥനാണെന്നാണു വിവരം. മനോഹർ പരീക്കർ 25 വർഷത്തോളം കൈവശം വച്ചിരുന്ന മണ്ഡലമാണ് പനജി. ഉത്പൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ടുകൾ.പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Story Highlights : Sena’s Sanjay Raut- Plugs Son- Of BJP’s Manohar Parrikar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here