യാചകരഹിത നഗര പദ്ധതി ആരംഭിച്ച് ഒഡീഷ; ഒരുക്കിയത് ആധുനിക സൗകര്യങ്ങളോടുകൂടിയ 112 മുറികളുള്ള കെട്ടിടം

തെരുവില്‍ പാര്‍ക്കേണ്ടി വരുന്ന സ്വന്തമായി വീടില്ലാത്തവരേയും യാചകരേയും പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക നഗര പദ്ധതി ആരംഭിച്ച് ഒഡീഷ. സാമൂഹ്യമായും സാമ്പത്തികമായും വെല്ലുവിളികള്‍ നേരിടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി സാമ്പല്‍പുര്‍ ജില്ലാ ഭരണകൂടം നിര്‍മ്മിച്ച കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളുള്ള 112 മുറികളാണുള്ളത്. ഇതിനോടകം തന്നെ തെരുവില്‍ കഴിയുന്ന 47 പേരെ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ ഭരണകൂടം നിര്‍മ്മിച്ച് നല്‍കിയ ഈ കേന്ദ്രത്തില്‍ യാചകര്‍ക്ക് സൗജന്യമായി ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കൃത്യമായി മെഡിക്കല്‍ ചെക് അപ്പുകള്‍ നടത്തും. മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സൗജന്യ കൗണ്‍സിലിങ് സംഘടിപ്പിക്കും. ഈ കേന്ദ്രത്തില്‍ താമസിക്കുന്ന ആളുകളുടെ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇവരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകാം.
Read Also : അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം; രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടികൊണ്ടു പോയി
സ്വന്തം ഭാവി നിശ്ചയിക്കുന്നതിനായി യാചകര്‍ക്ക് പ്രത്യേക കൗണ്‍സിലിങ്, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് മുന്‍പായി ജില്ലാ ഭരണകൂടം യാചകരുടെ ജീവിതനിലവാരത്തെക്കുറിച്ച് നടത്തിയ സര്‍വേ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനമാകുന്നത്. പ്രായം ചെന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്കും പ്രത്യേകം കരുതല്‍ ഉറപ്പാക്കുമെന്നും ഭരണകൂടം പറഞ്ഞു. ചൂഷണം നേരിടുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights :Rehabilitation of beggers odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here