കൊലപാതകക്കേസ്; മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് എസ് കെ സുപിയാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കി സുപ്രിംകോടതി. നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്ന സുപിയാന്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളയാളാണ്. കേസ് നിലവില്‍ സിബിഐ അന്വേഷണത്തിലാണ്.
കേസില്‍ ജനുവരി 31ന് തുടര്‍വാദം കേള്‍ക്കാനുള്ളതിനാല്‍ അതുവരെ അറസ്റ്റുണ്ടാകരുതെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വരറാവു, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള രേഖകള്‍ ഹാജരാക്കാനും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ സുപിയാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
Read Also : അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞു; പ്രതികരണവുമായി മമത ബാനര്‍ജി
സുപിയാന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിക്ക് വേണ്ടി ഹാജരായത്. 2021 മെയില്‍ നന്ദിഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയാണ് സുപിയാന്‍. ആ സമയത്ത് സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളന്വേഷിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മമതാ ബാനര്‍ജി പ്രചാരണത്തിനിറങ്ങും. ഫെബ്രുവരി എട്ടിന് മമത ലഖ്നൗവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights : sk supiyan, mamata banerjee, west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here