Advertisement

അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞു; പ്രതികരണവുമായി മമത ബാനര്‍ജി

October 3, 2021
Google News 2 minutes Read
mamata banerjee won in bhavanipur

ഭവാനിപൂര്‍ മണ്ഡലത്തിലെ ഉജ്ജ്വല വിജയത്തിനുശേഷം പ്രതികരണവുമായി മമതാ ബാനര്‍ജി. തന്നെ തോല്‍പ്പിക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരായ വിജയമാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. 58,389 വോട്ടുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മമത തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു.

‘ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനയ്ക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇന്നത്തെ ഫലത്തിന് പശ്ചിമബംഗാളിലെയും ഭവാനിപൂരിലെയും ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’. അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

58,389 വോട്ടുകള്‍ക്കാണ് മമതാ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.

Read Also : മമത ബാനർജിക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം

രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസേര്‍ഗഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാരാണുള്ളത്.

Story Highlights: mamata banerjee won in bhavanipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here