Advertisement

നടിക്ക് നീതി ലഭിക്കുന്നതിലല്ല, ദിലീപ് ശിക്ഷിക്കപ്പെടുന്നതിലാണ് ചിലര്‍ക്ക് താല്‍പര്യമെന്ന് നിര്‍മാതാവ് സജി നന്ത്യാട്ട്

January 22, 2022
Google News 2 minutes Read

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ദിലീപിനെ ഏത് വിധേനെയും ശിക്ഷിക്കണമെന്ന് കരുതി തപസ് ചെയ്ത് നടക്കുന്നവരാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ദിലിപീനും അന്വേഷണ സംഘത്തിനും അനുകൂലമാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസന്വേഷണത്തിനും വിധി പറയലിനും കോടതികള്‍ക്ക് അവരുടെ രീതിയുണ്ടെന്ന് സജി നന്ത്യാട്ട് ട്വന്റിഫോറിനോട് പറഞ്ഞു. തെളിവുകള്‍ പഠിച്ച് വിചാരണ നടത്തി മാത്രമേ കോടതികള്‍ വിധി പറയൂ. ചാനല്‍ ചര്‍ച്ചകളുടെ രീതിയിലല്ല കോടതി പ്രവര്‍ത്തിക്കുന്നത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട തെളിവുകളില്‍ ദിലീപിനൊപ്പം സംസാരിക്കുന്ന മറ്റെല്ലാവരുടേയും സംഭാഷണവും ചോദ്യങ്ങളും പുറത്തുവരണം. എന്നാല്‍ മാത്രമേ യഥാര്‍ഥ ചിത്രം തെളിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേസിനെക്കുറിച്ച് ഒന്നും പറയാനാകില്ല. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇത് സംബന്ധിച്ച് എന്തെല്ലാമാണ് പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. അക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ഇക്കൂട്ടര്‍ക്ക് യാതൊരു ആഗ്രഹവുമില്ലെന്നും ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമേ ഇവര്‍ക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി

27-ാം തീയതി വരെ ഗൂഢാലോചന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.


അടുത്ത മൂന്ന് ദിവസങ്ങളില്‍ ദിലീപിനെ ചോദ്യം ചെയ്യാനാണ്‌ ക്രൈംബ്രാഞ്ചിന് അനുമതി. ഞായര്‍, തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനുശേഷം വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും. കേസിൽ തെളിവുകൾ അപര്യാപ്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുദ്രവച്ച കവറിൽ ലഭിച്ച തെളിവുകളിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.


സഹകരണമില്ലെങ്കില്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച മറ്റൊരു വാദം. ഗൂഢാലോചന കേസില്‍ ആവശ്യമെങ്കില്‍ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ തയാറാണെന്ന നിര്‍ദേശമാണ് ദിലീപ് മുന്നോട്ടുവെച്ചത്. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണത്തിന് കസ്റ്റഡി എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Story Highlights : producer saji nanthyattu reaction on dileep case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here