Advertisement

കെ. സുധാകരന് മനുഷ്യഹൃദയമില്ല; മുഖ്യമന്ത്രിക്കെതിരായ കത്ത് പിന്‍വലിച്ചത് എതിര്‍പ്പ് ശക്തമായതോടെ; വി. ശിവന്‍കുട്ടി

January 22, 2022
2 minutes Read
v shivankutty
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ ചികിത്സയെ അവഹേളിച്ച കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല. സുധാകരന്‍ കത്ത് പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസ് അനുയായികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അത് പ്രചരിക്കുന്നുണ്ട്. അത് വിലക്കാന്‍ കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടി വരും . മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിര്‍പ്പ് ശക്തമായതോടെയാണ് സുധാകരന്‍ കത്ത് പിന്‍വലിച്ചത്.

ആര്‍ക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനില്‍ ഉണ്ടായിരുന്ന ഇ പി ജയരാജന്‍ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറില്‍ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാര്‍ കാണാന്‍ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സില്‍ ഉണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സില്‍ ആണ് കെ സുധാകരന്‍ വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.

സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നില്‍. എതിര്‍പ്പ് ശക്തമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ച കെ സുധാകരന്‍ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കണം. കെ മുരളീധരന്‍ ഇക്കാര്യത്തില്‍ മനുഷ്യസ്‌നേഹപരമായ പ്രസ്താവന നടത്തിയത് നന്നായി.

Read Also : ആരോഗ്യവകുപ്പ് പരാജയം, സർക്കാർ നിഷ്ക്രിയം, ജാഗ്രതയല്ലെതെ എന്ത് സംവിധാനമാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം; വിഡി സതീശൻ

സര്‍ക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിര്‍ക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുക എന്നത് കെ സുധാകരന്‍ പതിവാക്കിയിരിക്കുകയാണ്.’

Story Highlights : v shivankutty, kpcc president, k sudhakaran, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement