Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-01-2022)

January 23, 2022
2 minutes Read
todays news headlines jan 23

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണം; അടിയന്തര യാത്രയ്ക്ക് രേഖകൾ കരുതണം ( todays news headlines jan 23 )

സംസ്ഥാനത്ത് ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പ്രബല്യത്തിൽ. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു, പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി: ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് / 24 Exclusive

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലം ട്വന്റിഫോറിന് ലഭിച്ചു. ബാലചന്ദ്ര കുമാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നു. ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ബാലചന്ദ്ര കുമാറിന് ശത്രുതയായി. ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമെന്നും ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; 3.33 ലക്ഷം പുതിയ രോഗികൾ, 525 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി.

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി; ആദ്യം ദിലീപിന്റെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി.ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കൂടാതെ ചോദ്യം ചെയ്യലിനായി മറ്റ്‌ രണ്ട് പ്രതികൾ കൂടി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിന്റെ ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് എത്തിയത്.

നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സുപ്രിംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

Story Highlights : todays news headlines jan 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top