സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്

നടൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സുരാജ് സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും . ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് റിപ്പോർട്ട്. മൊഴിയിലെ വൈരുധ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൽ നിന്ന് കൂടുതൽ മൊഴി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായി ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ആദ്യഘട്ടത്തിൽ തന്നെ മൊഴി നൽകി.
Read Also : ‘ബാലചന്ദ്രകുമാറുമായി ബന്ധമോ സൗഹൃദമോ ഇല്ല’;ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത
ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്‌സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത്. ദിലീപ് ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും ദിലീപ് ആരോപിക്കുന്നു.
Story Highlights : Dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here