Advertisement

രവീന്ദ്രൻ പട്ടയം റദ്ദാക്കുമ്പോൾ അറിയേണ്ടതെല്ലാം

January 24, 2022
Google News 1 minute Read

ഭൂമികൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒന്നാണ് രവീന്ദ്രന്‍ പട്ടയം. സർക്കാ‍ർ രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതോടെ ഇപ്പോൾ ആ പേര് ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.. രവീന്ദ്രൻ പട്ടയങ്ങൾ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ 45 ദിവസത്തിനുള്ളിൽ റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പ് കളക്ടർക്ക് നൽകിയിരിക്കുന്ന നി‍ർദ്ദേശം.

പരിശോധിക്കാം എന്താണ് രവീന്ദ്രൻ പട്ടയം?
1999 ല്‍ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാർ എം ഐ രവീന്ദ്രൻ 530 പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയര്‍ന്നിരുന്ന ആരോപണം. ലാന്‍ഡ് അസൈൻമെന്‍റ് കമ്മിറ്റി ശിപാർശ പ്രകാരമെന്ന പേരിലാണ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി പട്ടയങ്ങൾ പതിച്ചു നൽകിയത് . കളക്ടർക്ക് മാത്രം പട്ടയം നൽകാൻ അധികാരമുളള കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ വിതരണം ചെയ്തു. കളക്ടറായിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രന്‍റെ അവകാശവാദം. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ‌ എന്നാൽ രവീന്ദ്രൻ പട്ടയം ഇപ്പോൾ റദ്ദാക്കുമ്പോൾ…എം ഐ രവീന്ദ്രന്റെ പ്രതികരണം ഇങ്ങനെയാണ്…

മൂന്നാറിൽ സംഭവിച്ചതെന്ത്?

ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോ‍ർട്ടുകൾ പുറത്തു വന്നതോടെ 2007ലെ മുഖ്യമന്ത്രിയായിരുന്നു വി എസ് അച്യു​ദാനന്ദൻ മൂന്നാര്‍ ദൗത്യസംഘത്തെ നിയോഗിച്ചതോടെ രവീന്ദ്രന്‍ പട്ടയ വിവാദം ആളിക്കത്തി. കെ. സുരേഷ്‌കുമാർ ഐ.എ.എസ്‌., ഋഷിരാജ്‌ സിങ്‌ ഐ.പി.എസ്‌., രാജു നാരായണസ്വാമി ഐ.എ.എസ്‌. എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്‌. ഇതിൽ സുരേഷ്‌കുമാറാണ്‌ രവീന്ദ്രന്‌ പട്ടയം നൽകാൻ അധികാരമില്ലെന്നും അദ്ദേഹം നൽകിയ പട്ടയങ്ങൾ വ്യാജമെന്ന ഗണത്തിൽപെടുത്തണമെന്നും വാദിച്ചത്‌. തുടർന്ന് രവീന്ദ്രൻ പട്ടയം എന്ന പദത്തിനു വ്യാപകപ്രസിദ്ധി ലഭിക്കുകയുണ്ടായി.

മൂന്നാർ ഒഴിപ്പിക്കൽ നടക്കുമ്പോൾ രവീന്ദ്രൻ പട്ടയങ്ങളുടെ സാധുത ആദ്യമൊന്നും ചോദ്യം ചെയ്‌പ്പെട്ടിരുന്നില്ല. രവീന്ദ്രൻ പട്ടയമനുസരിച്ചുള്ള ഭൂമിയിൽ പണിത റിസോർട്ട് പൊളിക്കാനൊരുങ്ങിയപ്പോഴാണ് ഈ പ്രശ്നം ഗൗരവമായത്. രവീന്ദ്രൻ പട്ടയങ്ങൾ ഏറെയും നൽകിയിരിക്കുന്നത്‌ അഞ്ചും പത്തും സെന്റിനാണെന്നിരിക്കെ ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്ന വാദവുമായി പിന്നീട് പലരും രംഗത്തെത്തി. പക്ഷേ വിസ്‌തീർണം അഞ്ചു സെന്റാണെങ്കിലും കോടികളുടെ ബഹുനില മന്ദിരം അവിടെ ഉയർത്തിയാൽ വെറുതെ ഇരിക്കില്ലെന്ന നിലപാട്‌ ദൗത്യസംഘത്തലവൻ കെ.സുരേഷ്‌കുമാർ കൈക്കൊണ്ടതോടെ ഈ ആവശ്യവും നിലനിൽക്കില്ലെന്നു വന്നു. ഇതോടെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഏതാനും ഹോം സ്റ്റേകളും റിസോര്‍ട്ടുകളും പൊളിച്ചു മാറ്റി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയം സാങ്കേതികത്വത്തിന്റെ പേരില്‍ നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകള്‍ കോടതിയെ സമീപിച്ചതോടെ വിഷയം താല്‍ക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്തായിരുന്നു? ഇപ്പോൾ വീണ്ടും വിവാദമായത് എങ്ങനെ?

പിന്നീട് നടന്ന വിജിലൻസ് അന്വേഷണത്തിൽ രവീന്ദ്രന്‍ പട്ടയമെന്ന പേരില്‍ ദേവികുളം താലൂക്കില്‍ വ്യാജപട്ടയങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തി. ആയിരക്കണക്കിന് പട്ടയങ്ങളാണ് രവീന്ദ്രന്റെ ഒപ്പിട്ട് പലരും കൈവശം വച്ചതായി വിജിലൻസിന്റെ കണ്ടെത്തൽ.വീണ്ടും വിഷയം ചര്‍ച്ചയാകുമ്പോള്‍ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആരെങ്കിലും ഭൂമിക്ക് അര്‍ഹരാണെങ്കില്‍ അവര്‍ക്ക് പുതിയ രീതിയില്‍ വീണ്ടും അപേക്ഷ നല്‍കാനുള്ള അവസരം കൂടി ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. ഇതിലും അനര്‍ഹര്‍ കടന്നുകൂടുമോ എന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്..

സർക്കാർ ഉത്തരവിൽ പറയുന്നത് എന്ത്?

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെ തുടർന്ന് 530 പട്ടയങ്ങളാണ് റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 45 ദിവസത്തിനകം റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.

Story Highlights : everything-you-need-to-know-about-raveendran-pattayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here