Advertisement

തീവ്രവ്യാപനം തുടരുന്നു; 20-30നുമിടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യമന്ത്രി

January 25, 2022
2 minutes Read
Veena george
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച് ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ നിലവില്‍ കൊവിഡ് തീവ്രവ്യാപനം തുടരുകയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. (Veena george)

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ല. നിലവില്‍ ഇത് മൂന്ന് ശതമാനമായി തുടരുകയാണ്. ഐസിയു ബെഡുകളില്‍ കൊവിഡും നോണ്‍ കൊവിഡും കൂടി 42.7ശതമാനമാണ്. 57 ശതമാനത്തോളം ഐസിയു ഒഴിവുണ്ട്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. ഓക്‌സിജന്‍ കിടക്കകളുടെ കാര്യത്തിലും ഉപയോഗം കുറവുണ്ട്. 15, 16, 17 വയസുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ 68% വിതരണം ചെയ്തു. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ സെക്ഷനുകള്‍ നടത്താന്‍ കാമ്പെയിന്‍ ആലോചിക്കുന്നുണ്ട്.

18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 84% പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു. എടുക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ വിലയിരുത്തി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഇവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയും യോഗം നടക്കുന്നുണ്ട്. നിലവില്‍ 20നും 30നും ഇടയിലുള്ളവര്‍ക്കാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഇതില്‍ പങ്കെടുത്ത് ഈ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

‘എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഓണ്‍ലൈന്‍ ആയാണ് സെഷനുകള്‍ ക്രമീകരിച്ചരിക്കുന്നത്. ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതില്‍ പങ്കെടുക്കാം. ഈ ക്യാമ്പയിനില്‍ https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെ പങ്കെടുക്കാം.

Read Also : അരലക്ഷം പിന്നിട്ട് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോഗം; 49.40% ടിപിആര്‍

വയോജന സംരക്ഷണം – പരിചരണം, ഗൃഹ പരിചരണം, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് അവബോധ പരിപാടി. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഷീജ സുഗുണന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവര്‍ ക്ലാസുകളെടുക്കും’. ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Story Highlights : Veena george, covid kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement