ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോര്‍ത്തിയ സംഭവം; പൊലീസുകാരനോട് വിശദീകരണം തേടും

പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനോട് വിശദീകരണം തേടാന്‍ തീരുമാനം. ഈ ഉദ്യോഗസ്ഥന്‍ ആര്‍ എസ് എസ് നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇടുക്കി നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി എല്‍ ജി ലാല്‍ ആണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന അനസ് പി കെയാണ് പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. തൊടുപുഴയിലെ 150 ഓളം ആര്‍ എസ് എസ്. ബി ജെ പി പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ അനസ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായ വിശദീകരണം ഈ ഉദ്യോഗസ്ഥന്‍ നല്‍കാതിരുന്നാല്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.
Read Also : ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി; ദിലീപിന് രൂക്ഷ വിമർശനം
ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി അനസ് ചോര്‍ത്തി നല്‍കിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച തെളിവുകള്‍ പരിശോധിച്ച ശേഷമാണ് ഡി വൈ എസ് പി ഈ പരാതിയെ ശരിവെക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Story Highlights : police official information leaked to sdpi police man show cause notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here