Advertisement

ബജറ്റ് 2022: സാമ്പത്തിക രംഗത്തെ അസമത്വം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

January 29, 2022
Google News 2 minutes Read

സാമ്പത്തിക രംഗത്ത് അനുദിനം വര്‍ധിച്ചുവരുന്ന അസമത്വം പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് അവതരണത്തില്‍ സര്‍ക്കാര്‍ സവിശേഷ പ്രാധാന്യം നല്‍കണമെന്ന് മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദ്യാഭ്യാസം, ആരോഗ്യം മുതലായ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

കൊവിഡ് മഹാമാരി കാലത്ത് സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദരിദ്രരുടെ വാര്‍ഷിക വരുമാനത്തില്‍ 53 ശതമാനം കുറവുണ്ടായപ്പോള്‍ അതി സമ്പന്നരായ 20 ശതമാനത്തിന്റെ സമ്പത്തില്‍ 39 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടാണ് സുബ്ബറാവു മുന്നോട്ടുവെച്ചത്. സാമ്പത്തിക അസമത്വം ഏറ്റവുമധികമുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. മഹാമാരി ദരിദ്രരെ അതി ദാരിദ്ര്യത്തിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും തള്ളിവിട്ടു. എന്നാല്‍ അതേസമയം ധനികര്‍ക്ക് മഹാമാരിക്കാലത്ത് പിടിച്ചുനില്‍ക്കാന്‍ സാധിച്ചെന്ന് മാത്രമല്ല, അവര്‍ക്ക് സമ്പാദ്യം വര്‍ധിപ്പിക്കാനും സാധിച്ചു. ഈ അസമത്വത്തെ സമയബന്ധിതമായി പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം ധാര്‍മ്മികമായി തെറ്റാണെന്നും രാഷ്ട്രീയരംഗത്ത് ദൂരവ്യാപാകമായി ദോഷമുണ്ടാക്കുമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വിലയിരുത്തി. കൂടാതെ ഇത്തരം അസമത്വം രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ അധിഷ്ഠിത അനൗപചാരിക തൊഴില്‍ മേഖലകളില്‍ നിന്ന് കോര്‍പറേറ്റ് അധിഷ്ഠിത ഔപചാരിക മേഖലയിലേക്കുള്ള മാറ്റത്തേയും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക.

Story Highlights : budget should focus on bridging inequality says former rbi governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here