Advertisement

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു

January 29, 2022
2 minutes Read
kozhikode cuprit fled from police station

പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി ( Updated at 8.10pm)

ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ലോ കോളജിനടുത്തുള്ള കാട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒന്നേകാൽ മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പൊലീസ് വലയിലായത്.

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിലെ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഫെബിൻ റാഫി ആണ് രക്ഷപ്പെട്ടത്. ചേവായൂർ പൊലീസ് സ്റ്റേഷന്റെ പുറക് വശം വഴിയാണ് പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടത്. അഞ്ചേകാലോടെയാണ് പ്രതികളായ ടോം തോമസ്, ഫെബിൻ റാഫി എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഫെബിൻ രക്ഷപ്പെട്ടത്. ( kozhikode culprit fled from police station )

ഉടൻ തന്നെ പൊലീസ് പരിസരത്ത് പൊലീസുകാർ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചേവായൂർ സിഐയുടെ നേതൃത്വത്തിൽ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്.

Read Also : കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

ബം​ഗളൂരുവിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളിൽ നിന്ന് മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു.

കഴി‍ഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബം​ഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.

രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് ഇവരേയും കണ്ടെത്തി.

Story Highlights : kozhikode culprit fled from police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top