Advertisement

ക്രിക്കറ്റ് ഓസ്ട്രേലിയ അവാർഡുകൾ; മിച്ചൽ സ്റ്റാർക്കും ആഷ്‌ലി ഗാർഡ്നറും മികച്ച താരങ്ങൾ

January 29, 2022
2 minutes Read

ഈ വർഷത്തെ മികച്ച താരങ്ങൾക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനും മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് പുരസ്കാരം ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്നർക്കും ലഭിച്ചു. രണ്ട് താരങ്ങൾക്കും ഇത് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

വെറും ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാർക്ക് പുരസ്കാരാർഹനായത്. സ്റ്റാർക്കിന് 107 വോട്ടുകൾ ലഭിച്ചപ്പോൾ ഓൾറൗണ്ടർ മിച്ചൽ മാർഷിന് 106 വോട്ടുകൾ ലഭിച്ചു. 24.4 ശരാശരിയിൽ കഴിഞ്ഞ വർഷം ആകെ 43 വിക്കറ്റുകളാണ് മൂന്ന് ഫോർമാറ്റുകളിലായി സ്റ്റാർക്ക് സ്വന്തമാക്കിയത്. ആഷസിൽ അടക്കം തകർപ്പൻ പ്രകടനങ്ങളാണ് താരം നടത്തിയത്. ബൗളിംഗിനൊപ്പം ബാറ്റിംഗിലും സ്റ്റാർക്ക് മികച്ച സംഭാവനകൾ നൽകി. 26.8 ശരാശരിയിൽ 241 റൺസാണ് കഴിഞ്ഞ വർഷം സ്റ്റാർക്ക് നേടിയത്. മികച്ച ഏകദിന താരവും സ്റ്റാർക്ക് തന്നെയാണ്.

ആഷ്‌ലി ഗാർഡ്നർ കഴിഞ്ഞ വർഷം നേടിയത് 281 റൺസാണ്. 10 ഇന്നിംഗ്സുകളിൽ നിന്ന് 35.1 ശരാശരിയിലാണ് ഗാർഡ്നറുടെ ഈ നേട്ടം. ഇതോടൊപ്പം 9 വിക്കറ്റുകളും താരം സ്വന്തമാക്കി.

തുടർച്ചയായ മൂന്നാം തവണയും എലിസ ഹീലി മികച്ച വനിതാ ഏകദിന താരത്തിനുള്ള പുരസ്കാരം നേടി. ബെത്ത് മൂണിയാണ് മികച്ച ടി-20 താരം. മികച്ച പുരുഷ ടെസ്റ്റ് താരം ട്രാവിസ് ഹെഡ് ആണ്. മിച്ചൽ മാർഷ് മികച്ച ടി-20 താരത്തിനുള്ള അവാർഡ് സ്വന്തമാക്കി.

Story Highlights : Mitchell Starc Ashleigh Gardner Australian Cricket Awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top