അണ്ടർ 19 ലോകകപ്പ്; പാകിസ്താനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ സെമിഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പാകിസ്താനെ 119 റൺസിനു തകർത്താണ് ഓസ്ട്രേലിയ അവസാന നാലിൽ എത്തിയത്. ബാറ്റെടുത്തവരും പന്തെറിഞ്ഞവരും എല്ലാം തിളങ്ങിയപ്പോൾ ഓസ്ട്രേലിയുടെ ജയം ഒരു പൂർണമായ ടീം എഫർട്ട് ആയി. ഇന്നത്തെ ഇന്ത്യ-ബംഗ്ലാദേശ് മത്സരവിജയികളെ ഓസ്ട്രേലിയ സെമിയിൽ നേരിടും. (world cup australia pakistan)
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 276 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തി. ആദ്യ വിക്കറ്റിൽ തന്നെ 81 റൺസിൻ്റെ കൂട്ടുകെട്ടാണ് ഓസീസ് ഓപ്പണർമാർ പടുത്തുയർത്തിയത്. രണ്ടാം വിക്കറ്റിൽ 101 റൺസിൻ്റെ കൂട്ടുകെട്ടും പിറന്നു. അവസാന ഓവറുകളിലെ ചെറിയ കാമിയോകൾ ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. 71 റൺസെടുത്ത ടീഗ് വില്ലിയാണ് ഓസീസ് ടോപ്പ് സ്കോറർ. കോറി മില്ലർ (64), കാമ്പ്‌ബെൽ കെല്ലവേ (47) എന്നിവരും ഓസ്ട്രേലിയക്കായി തിളങ്ങി. ക്യാപ്റ്റൻ കൂപ്പർ കൊണോലി 25 പന്തിൽ 33 റൺസെടുത്ത് പുറത്തായി. എയ്ഡൻ കാഹിൽ (15 പന്തിൽ 18), വില്ല്യം സാൽസ്‌മാൻ (14 പന്തിൽ 25) എന്നിവരും ഓസീസിനായി തിളങ്ങി. പാകിസ്താനു വേണ്ടി ക്യാപ്റ്റൻ ഖാസിം അക്രം മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read Also : ക്യാപ്റ്റൻ അടക്കം ഇന്ത്യ അണ്ടർ 19 ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി
മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ പാകിസ്താൻ്റെ വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ വിജയം പിടിച്ചടക്കുകയായിരുന്നു. മൂന്നാം വിക്കറ്റിലെ 50 റൺസ് കൂട്ടുകെട്ടാണ് പാക് ഇന്നിംഗ്സിൽ എടുത്തുപറയാനുള്ളത്. 6 താരങ്ങൾ രണ്ടക്കം കടന്നെങ്കിലും ആർക്കും മികച്ച സ്കോറിലേക്കെത്താനായില്ല. 9ആം നമ്പറിലിറങ്ങി 19 പന്തിൽ 29 റൺസെടുത്ത മെഹ്റാൻ മുംതാസ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. അബ്ദുൽ ഫസീഹ് (28), ഇർഫാൻ ഖാൻ (27) എന്നിവരാണ് മറ്റ് സ്കോറർമാർ.
ഫെബ്രുവരി ഒന്നിനാണ് സെമിഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ഫെബ്രുവരി രണ്ടിനാണ് രണ്ടാം സെമി. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇന്ത്യയും ബംഗ്ലാദേശും. മത്സരത്തിൽ ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ് കിരീടം നേടിയിരുന്നു.
Story Highlights : u19 world cup australia beat pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here