ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍; മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

ഗൂഡാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രതികളുടെ ഫോണുകള്‍ കൈമാറുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം നാളെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേസിലെ നിര്‍ണായ തെളിവായ ഫോണിനുവേണ്ടി യാചിക്കേണ്ട സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ ദിലീപ് നശിപ്പിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിച്ചത്.
ഫോണുകള്‍ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്നതില്‍ അടക്കം നാളെ തീരുമാനമുണ്ടാകും. അതേസമയം എന്താണ് ഈ ഫോണുകളില്‍ ഇത്രയധികം ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചു. ഫോണുകളില്‍ ഉള്ള വിവരങ്ങളല്ലാതെ എന്തെങ്കിലും തിരുകിക്കയറ്റാനുള്ള സാധ്യതയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഉപഹര്‍ജി പരിഗണിച്ച ശേഷം അന്വേഷണ സംഘത്തിന് നല്‍കിയാല്‍ പോരെ എന്ന് അഡ്വ.രാമന്‍പിള്ള ചോദിച്ചു. എന്നാല്‍ ഫോണുകള്‍ ഇന്ന് തന്നെ വേണമെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
Read Also : ഗൂഡാലോചന കേസ്; ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
അതിനിടെ പ്രതികളുടെ ഫോണുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്ത് നോട്ടിസ് തങ്ങള്‍ക്ക് ലഭിക്കും മുന്‍പേ അക്കാര്യത്തില്‍ ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ചോദിച്ചിരുന്നെന്ന് രാമന്‍പിള്ള പറഞ്ഞു. ഈ വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലിപ്പിച്ച് കാട്ടുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടുകയാണെന്നും രാമന്‍പിള്ള വാദിച്ചു.
Story Highlights : dileep anticipatory bail, kerala high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here