Advertisement

വാഹനങ്ങളിലെ അഗ്നിബാധ; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും വിശദീകരിച്ച് പൊലീസ്

January 31, 2022
Google News 4 minutes Read
vehicle fire accident

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഈ അടുത്തായി ഏറെ കൂടുതലായി കാണപ്പെടാറുണ്ട്. വേനല്‍ കാലത്താണെങ്കില്‍ ഈ അപകടങ്ങള്‍ കൂടുതലുണ്ടാകും. പലപ്പോഴും വാഹനങ്ങളിലെ തീപിടുത്തത്തിന്റെ കാരണവും പരിഹാരങ്ങളും കണ്ടെത്തി വിപത്തുകളെ മുന്‍കൂട്ടി ഒഴിവാക്കാന്‍ നമ്മള്‍ ശ്രമിക്കാറില്ല. വാഹനങ്ങളിലെ അഗ്നിബാധയുടെ പ്രധാന കാരണങ്ങളും അവ തടയാനുള്ള വഴികളും വിശദീകരിക്കുകയാണ് കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ.(vehicle fire accident)

‘അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്ന വളരെയധികം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വേനല്‍ കടുക്കുന്തോറും ഇത് വര്‍ദ്ധിക്കുകയും ചെയ്യാം. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലന്‍. നിരുപദ്രവിയായ വണ്ടുകള്‍ പോലും അഗ്‌നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. അഗ്‌നിബാധയുടെ പ്രധാന കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

1.ഫ്യൂവല്‍ ലീക്കേജ്
കാലപഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവം നിമിത്തവും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളില്‍ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോര്‍ച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും മരങ്ങള്‍ ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലും വനാതിര്‍ത്തിയിലും ചില പ്രത്യേക തരം വണ്ടുകള്‍ റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ധന ലൈനില്‍ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബയോ ഫ്യുവല്‍ ആയ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തില്‍ വണ്ടുകളുടെ ആക്രമണം കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഉള്ള പരാതികള്‍ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ വാഹനത്തിന്റെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളില്‍ കൂടി വാഹനം ഓടിത്തുടങ്ങുമ്പോള്‍ സ്‌പ്രേ രൂപത്തില്‍ വരുന്ന ഫ്യുവല്‍ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ സ്പാര്‍ക്ക് ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ ഡീസലിന്റെ 210°C ഉം എന്നാലും പെട്രോള്‍ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് വാപോറൈസ് ചെയ്യുന്നതിനാല്‍ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലന്‍സറിന്റെയും എക്‌ഹോസ്റ്റ് സിസ്റ്റത്തിന്റേയും പല ഭാഗങ്ങള്‍ ഏകദേശം 600 മുതല്‍ 700 °C വരെ ചൂട് പിടിക്കുവാന്‍ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാല്‍ തന്നെ ഈ ഭാഗത്ത ഉണ്ടാവുന്ന ഫ്യുവല്‍ ലീക്കേജ് അത്യന്തം അപകടകരമാണ്.

ഇന്ധന ലീക്കേജ് മാത്രമല്ല എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്‌ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്‌കറ്റുകള്‍, വാഷറുകള്‍, റബ്ബര്‍ റിങ്ങുകള്‍ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകള്‍ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കല്‍ തീ പടര്‍ന്നാല്‍ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കള്‍ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയില്‍ പെടാതിരിക്കാനും കാരണമാകും

  1. ഗ്യാസ് ലീക്കേജ്
    എല്‍പിജി മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ലീക്കേജിനുള്ള സാധ്യതകള്‍ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടര്‍ന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കണ്‍വെര്‍ട്ട് ചെയ്തിട്ടുള്ള പഴയ പെട്രോള്‍ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലന്‍. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങള്‍. ഈ വാഹനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റിലെ സോളിനോയ്ഡ് വാല്‍വ്, റെഗുലേറ്റര്‍/വാപോറൈസര്‍, ഫില്‍ട്ടര്‍, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയ എല്ലാ ഭാഗങ്ങളും വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് ചെയ്യണമെന്നും ഗ്യാസ് ടാങ്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ പ്രഷര്‍ ടെസ്റ്റ് നടത്തുകയും 15 വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ളത് എന്നാല്‍ എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല.
  2. അള്‍ട്ടറേഷനുകള്‍
    55/60 വാട്ട്‌സ് ബള്‍ബുകള്‍ ഘടിപ്പിക്കുന്ന ഹോള്‍ഡറുകളില്‍ 100 – 130 വാട്ട് ഹാലജന്‍ ബള്‍ബുകള്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവര്‍ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബള്‍ബുകള്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോള്‍ഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏര്‍പ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബള്‍ബുകള്‍ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബള്‍ബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവര്‍ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , ഷോര്‍ട്ട് സര്‍ക്യൂട്ട് ആയാല്‍ മാത്രമെ ഫ്യൂസ് ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റില്‍ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതല്‍ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്‌നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ wiring കളാണ് ഉപയോഗിക്കാറ് എന്നതും വയര്‍ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും. വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ വയറിങ് ഹാര്‍നെസുകളും കപ്ലിങിനന് പകരം വയര്‍ പിരിച്ച് ചേര്‍ത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്.

4 ഫ്യൂസുകള്‍
വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫ്യൂസുകള്‍ മാറ്റി കൂടുതല്‍ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകള്‍ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

  1. ബാറ്ററികളും ചാര്‍ജിംഗ് സര്‍ക്യൂട്ടും
    പഴയതും തകരാറുള്ളതുമായ ബാറ്ററികള്‍ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാര്‍ജിംഗ് സിസ്റ്റത്തിലെ തകരാറുകള്‍ നിമിത്തം ഓവര്‍ ചാര്‍ജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതല്‍ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജന്‍ വാതകവും സ്‌ഫോടനത്തിന് കാരണമായേക്കാം.
    ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്‌നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളില്‍ ചിലതെങ്കിലും പ്രാരംഭ ഡിസൈന്‍ ഘട്ടങ്ങളില്‍ തീപിടിത്ത സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ടെസ്ല, Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
  2. കാറ്റലിറ്റിക് കണ്‍വര്‍ട്ടറുകളും എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും
    സാധാരണയായി കാറ്റോലിറ്റിക് കണ്‍വേര്‍ട്ടറിന്റെ താപനില 600 °C മുതല്‍ 750 °C വരെയാണ് എന്നാല്‍ ക്ലോഗിങ് മൂലമോ സ്പാര്‍ക്ക് പ്ലഗിന്റെ തകരാര്‍ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാല്‍ കാറ്റലിറ്റിക് കണ്‍വര്‍ട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫ്‌ളോര്‍ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്‌നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോള്‍ഡിനെ സ്പര്‍ശിക്കുന്ന രീതിയിലുള്ള ഫ്യുവല്‍ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്.
  3. കൂളിംഗ് സിസ്റ്റത്തിന്റെ തകരാര്‍
    ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാര്‍ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകള്‍ സംഭവിക്കുന്നതും , ലൂബ്രിക്കേഷന്‍ സിസ്റ്റത്തിന്റെ തകരാറുകളും എന്‍ജിന്റെ താപനില വര്‍ദ്ധിക്കുന്നതിനും അതു മൂലം റബ്ബര്‍ ഭാഗങ്ങള്‍ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്
  4. കൂട്ടിയിടികളും മെക്കാനിക്കല്‍ തകരാറുകളും
    കൂട്ടിയിടികള്‍ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏല്‍ക്കുന്ന ക്ഷതങ്ങള്‍ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയര്‍ പൊട്ടി റോഡില്‍ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കില്‍ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തത് ഇത്തരത്തില്‍ ഒന്നാണ് . അപകടത്തില്‍ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്.
  5. പാര്‍ക്കിംഗ് സ്ഥലവും പരിസരങ്ങളും
    ഉണങ്ങിയ പുല്‍മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചൂടുപിടിച്ച സൈലന്‍സറില്‍ തട്ടി അഗ്‌നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങള്‍ അഗ്‌നിക്കിരയായ 2019 ലെ ബാംഗ്ലൂര്‍ യാലഹങ്കയിലെ ഏയ്‌റോ ഇന്‍ഡ്യ എയര്‍ഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.
  6. തീപ്പെട്ടി / ലൈറ്റര്‍/സ്റ്റൗ എന്നിവയുടെ ഉപയോഗം
    തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റൊ ഫ്യുവല്‍ ടാങ്കൊ ഫ്യുവല്‍ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലന്‍സറില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും തീപിടിത്തത്തിന്റെ കാരണങ്ങളില്‍ പെടുന്നു.
  7. ആംബുലന്‍സുകള്‍
    ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ആണ് ഇതിലെ പ്രധാന വില്ലന്‍. ഓക്‌സിജന്‍ കത്താന്‍ ആവശ്യമായ വാതകമാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ അത് സ്‌ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്‌സിജനാണ് അന്തരീക്ഷത്തില്‍ ഉണ്ടാവുക . എന്നാല്‍ അതി മര്‍ദ്ദത്തിലുള്ള ഓക്‌സിജന്‍ ടാങ്കില്‍ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാര്‍ക്കിനെ വരെ വലിയ അഗ്‌നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്‌സിജന്‍ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മര്‍ദ്ദത്തിലുള്ള ഓക്‌സിജന്‍ ഓയില്‍,ഗ്രീസ്, റബ്ബര്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
    സിലിണ്ടറുകള്‍ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും താല്‍ക്കാലികമായി സിലിണ്ടര്‍ വാഹനത്തില്‍ എടുത്ത് വച്ച് പോകുന്നവരും ഉണ്ട് ഇത്തരം സാഹചര്യത്തില്‍ വാഹനം ഇടിച്ചാലൊ വാഹനം ചെറുതായി ചെരിഞ്ഞാല്‍ പോലുമോ സിലിണ്ടര്‍ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകള്‍കള്‍ക്ക് തകരാര്‍ സംഭവിച്ച് ഓക്‌സിജന്‍ ലീക്ക് സംഭവിക്കുയും അത് അഗ്‌നിബാധയിലേക്ക് നയിക്കുകയും ചെയ്യാം.

പരിഹാര മാര്‍ഗ്ഗങ്ങള്‍

  1. കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് ചെയ്യുക. രാവിലെ വാഹനം നിര്‍ത്തിയിട്ടിരുന്ന തറയില്‍ ഓയില്‍ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തില്‍ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, വാഹനത്തിന്റെ പുറം മാത്രമല്ല എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്‌നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
  2. കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുകയും ചെയ്യുക –
  3. വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകള്‍ ഒഴിവാക്കുകതന്നെ വേണം.
  4. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
  5. പാനല്‍ ബോര്‍ഡ് വാണിംഗ് ലാംപുകളും മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എഞ്ചിന്‍ ഓയിലും മാറ്റുകയും ചെയ്യുക.
  6. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കണം.
  7. കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കര്‍ശനമായി ഒഴിവാക്കണം.
  8. വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  9. വിനോദ യാത്രകളും മറ്റും പോകുമ്പോള്‍ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തില്‍ വച്ചാകരുത്.
  10. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകള്‍, സ്‌പ്രേകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളില്‍ ഒന്നാണ്.
  11. ആംബുലന്‍സുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകള്‍ക്ക് തകരാറുകള്‍ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
  12. സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിന്‍ കവറുകളും പോളിയസ്റ്റര്‍ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാല്‍ തന്നെ ഒഴിവാക്കേണ്ടതാണ്.

തീപിടിച്ചാല്‍ എന്തു ചെയ്യണം ?
എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്ലാസ് താഴ്ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തില്‍ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ കൊണ്ട് വശങ്ങളില്‍ ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയില്‍ സൂക്ഷിക്കുന്നത് ശീലമാക്കുക. DCP type fire extinguisher ചില വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. പാസഞ്ചര്‍ വാഹനങ്ങളിലെങ്കിലും ഇത് നിര്‍ബന്ധമായും വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് ശീലമാക്കുക.

Read Also : എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. ഫയര്‍ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാല്‍ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുടുതല്‍ അപകടത്തിന് ഇത് ഇടയാക്കും.

Story Highlights : vehicle fire accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here