രണ്ട് ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചു; എന്നിട്ടും ഐപിഎലിനില്ലെന്ന് ഗെയ്ൽ

രണ്ട് ഫാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടും ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യാതെ സൂപ്പർ താരം ക്രിസ് ഗെയ്ൽ. താരം മുൻപ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലിൽ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, ലേലത്തിൽ പങ്കെടുക്കാനില്ല എന്ന തീരുമാനത്തിൽ ഗെയ്ൽ ഉറച്ചുനിൽക്കുകയായിരുന്നു. (chris gayle not ipl)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് എന്നീ മൂന്ന് ടീമുകളിലായി 142 മത്സരങ്ങളാണ് ഐപിഎലിൽ ഗെയ്ൽ കളിച്ചത്. 39.72 ശരാശരിയിൽ 4965 റൺസ് ആണ് ഗെയ്‌ൽ നേടിയിട്ടുള്ളത്. ആറ് സെഞ്ചുറിയും 31 അർധ സെഞ്ചുറിയും താരത്തിന് ഐപിഎലിൽ ഉണ്ട്.
അതേസമയം, മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.
Read Also : ഐപിഎൽ ലേലം: ഷോർട്ട് ലിസ്റ്റിൽ ജോഫ്ര ആർച്ചറും; പക്ഷേ, ഈ വർഷം കളിക്കില്ല
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.
നിലവിൽ അണ്ടർ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ചിലർ ലേലത്തിലുണ്ട്. ക്യാപ്റ്റൻ യാഷ് ധുൽ, സ്പിന്നർ വിക്കി ഓസ്‌വാൾ, ബൗളിംഗ് ഓൾറൗണ്ടർ രാജവർഷൻ ഹങ്കർഗേക്കർ തുടങ്ങിയവർ ലേലത്തിൽ രജിസ്റ്റർ ചെയ്തു. ശ്രീലങ്കൻ ക്യാപ്റ്റനും ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനുമായ ദുനിത് വെല്ലലഗെ, ദക്ഷിണാഫ്രിക്കൻ താരവും ലോകകപ്പിലെ ഉയർന്ന റൺ വേട്ടക്കാരനുമായ ഡെവാൾഡ് ബ്രേവിസ് എന്നിവരും പട്ടികയിലുണ്ട്.
Story Highlights : chris gayle not in ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here