ഐപിഎൽ ലേലം: ഷോർട്ട് ലിസ്റ്റിൽ ജോഫ്ര ആർച്ചറും; പക്ഷേ, ഈ വർഷം കളിക്കില്ല

ഐപിഎൽ മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറും. രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ആർച്ചറെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത്. ലിസ്റ്റിൽ പേരുണ്ടെങ്കിലും 2022 സീസണിൽ ആർച്ചർ കളിക്കില്ല. 2023 സീസണിൽ താരം കളിക്കുമെന്നാണ് വിവരം. ആർച്ചറെ ടീമിൽ ഉൾപ്പെടുത്തുന്ന ഫ്രാഞ്ചൈസിക്ക് ഇക്കൊല്ലം പകരക്കാരെ അനുവദിക്കില്ലെന്ന് ഐപിഎൽ അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (jofra archer ipl auction)
ഏറെക്കാലമായി പരുക്കേറ്റ് കളത്തിനു പുറത്തുള്ള താരം കഴിഞ്ഞ സീസൺ ഐപിഎൽ കളിച്ചിരുന്നില്ല. ടി-20 ലോകകപ്പും ആഷസും ഉൾപ്പെടെ നിർണായക ടൂർണമെൻ്റുകളൊക്കെ നഷ്ടമായ ആർച്ചർ എപ്പോഴാണ് പരുക്കിൽ നിന്ന് മുക്തനാവുക എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് താരത്തെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തത്. ഈ സീസണിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ പരുക്കിൽ നിന്ന് ഇക്കൊല്ലം മുക്തനാവില്ലെന്ന സൂചന തന്നെയാണ് ആർച്ചർ നൽകുന്നത്.
Read Also : ഐപിഎൽ മെഗാ ലേലം; ഷോർട്ട് ലിസ്റ്റിൽ 590 താരങ്ങൾ
അതേസമയം, മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.
Story Highlights : jofra archer ipl auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here