Advertisement

അമേരിക്കൻ സ്വപ്‌നങ്ങളിൽ പൊഴിയുന്ന ജീവനുകൾ; നമ്മളറിയേണ്ട കുടിയേറ്റ കണക്കുകളിലെ ഇന്ത്യ…

February 1, 2022
1 minute Read

അമേരിക്കൻ രാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ജീവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മൾ കണ്ടുശീലിച്ച, കേട്ടുമാത്രം പരിചയമുള്ള സ്വപ്നതുല്യമായ ജീവിതം മാത്രമാണോ അമേരിക്കൻ നാടുകളിൽ പൂവിടുന്നത്? അസ്തമിക്കുന്ന ദിവസങ്ങളും ജീവനുകളും ജീവിതങ്ങളുടെയും കഥകൾ കൂടി പറയാനുണ്ട് അമേരിക്കൻ സ്വപ്നങ്ങൾക്ക്. പറഞ്ഞുവരുന്നത് അനധികൃത അമേരിക്കൻ പാലായനങ്ങളെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്ന ഈ വിഷയത്തിന്റെ അകത്തളങ്ങളിലേക്ക് നമുക്കൊന്ന് ഇറങ്ങി പരിശോധിക്കാം….

അസ്തമിക്കുന്ന അമേരിക്കൻ സ്വപ്‌നങ്ങൾ!!

വാർത്തകളിൽ ഏറെ ഇടം പിടിച്ച, ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അനധികൃത പാലായനത്തിനിടെ ഒരു കൈകുഞ്ഞടങ്ങിയ നാലംഗ ഇന്ത്യൻ കുടുംബം അതിശൈത്യം താങ്ങാനാവാതെ മരണപ്പെട്ടത്. നമ്മുടെ രാജ്യവും ഈ ലോകവും ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് അതിർത്തിയിലെ താപനില. അമേരിക്കയുടെ കനേഡിയൻ അതിർത്തി സാക്ഷ്യം വഹിച്ച ഈ ഹൃദയ ഭേദകമായ ദുരന്തം നിരവധി ചർച്ചകൾക്കും വഴിവെച്ചു. ഈ ദുരന്തത്തോടൊപ്പം തന്നെ വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് അനധികൃത പാലായനം. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ അനധികൃതമായി അതിർത്തി കടന്നെത്തുന്ന ഇന്ത്യൻ വംശജരുടെ എണ്ണം വർധിക്കുന്നു എന്ന വാർത്തകൂടി ഇതിനോടൊപ്പം തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ്.

സ്വന്തം ജീവനും ജീവിതവും കുടുംബവും പോലും പണയം വെച്ച് അമേരിക്കയിലേക്ക് ഇത്രയധികം ഇന്ത്യക്കാർ അനധികൃതമായി ചേക്കേറാൻ കാരണമെന്തായിരിക്കും?

കഴിഞ്ഞ ആഴ്ച അതിശൈത്യം താങ്ങാനാവാതെ അമേരിക്കയുടെ കാനേഡിയൻ അതിർത്തിയിൽ മരണപ്പെട്ട കുടുംബത്തിൽ നിന്ന് തന്നെ നമുക്ക് ഈ വിഷയത്തെ വിശകലനം ചെയ്യാം. പ്രാഥമിക അന്വേഷണത്തിൽ നിന്ന് അസഹനീയമായ കൊടും തണുപ്പാണ് മരണകാരണമെന്ന് വ്യക്തമായി കഴിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37) മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരണപ്പെട്ടതെന്നും പോലീസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളാണ് ഇവർ. അതിർത്തി കടക്കാനായി ഏജന്റിന് 65 ലക്ഷത്തോളം രൂപയാണ് ഇവർ നൽകിയത്. ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപത്തുളള ഡിങ്കൂച്ചയിലെ തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന ജഗദീഷിന്റെയും കുടുംബത്തിന്റെയും ജീവനാണ് അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അമേരിക്കൻ സ്വപ്നങ്ങൾക്കൊപ്പം കൊടും തണുപ്പിൽ തണുത്തുറഞ്ഞ് പോയത് .

ഡിങ്കൂച്ചക്കാരുടെ അമേരിക്കൻ ഭ്രാന്ത്

നമ്മളിപ്പോൾ അറിഞ്ഞത് ഒരു ജഗദീഷിന്റെ ജീവിതമാണ്. ഇതുപോലെ നിരവധി സംഭവങ്ങൾ വേറെയുമുണ്ട്. അറിയാതെ പോകുന്ന ജീവിതങ്ങളുണ്ട്. ജഗദീഷിലൂടെ നമ്മളറിഞ്ഞ ഗ്രാമമാണ് ഡിങ്കൂച്ച. ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപത്തുളള ഒരു കൊച്ചുഗ്രാമം. ഇവിടുത്തുകാരുടെ അമേരിക്കൻ ഭ്രാന്തിനെ കുറിച്ചറിഞ്ഞാൽ അത്ഭുതം തോന്നിയേക്കാം. ആകെ മൂവായിരത്തോളം പേരാണ് ഇവിടെയുള്ളത്. അതിൽ ആയിരത്തി എണ്ണൂറ് പേരും അമേരിക്കയിലാണ്. കുടുംബത്തിലെ ഒരാളെങ്കിലും അമേരിക്കയിൽ സ്ഥിരം താമസം ആക്കിയില്ലേൽ അതൊരു അപമാനമായി കരുതുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. മൊത്തം ഇന്ത്യയുടെ കണക്കുകൾ എടുക്കുകയാണെങ്കിലും ഈ എണ്ണം വർധിച്ചുവരികയാണ്.

വ്യാപിക്കുന്ന പാലായനം

ഇന്ന് അമേരിക്കയിലേക്ക് കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഡിങ്കൂച്ചക്കാരെ പോലെ അമേരിക്കയിലേക്ക് എങ്ങനെയെങ്കിലും ഒന്ന് എത്തുക എന്ന ആഗ്രഹം മറ്റു ഇന്ത്യക്കാരിലേക്കും അടുത്തകാലത്തായി വ്യാപിക്കുകയാണ്. അതിനായി അനധികൃത മാർഗങ്ങൾ തെരെഞ്ഞെടുക്കുന്നവരും അതിനിടയ്ക്ക് അപകടങ്ങളിൽ പെടുന്നവരും നിരവധി.

വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു അപകടം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു സ്ത്രീയും മകളും മെക്സിക്കോയിൽ നിന്ന് അരിസോണ മരുഭൂമിയിലൂടെ അമേരിക്കയിലേക്ക് കടക്കുവാൻ ശ്രമിക്കുകവെ ചുട്ടുപൊള്ളുന്ന ചൂടിൽ 22 മണിക്കൂർ കൂട്ടം വിട്ട് ദിക്ക് അറിയാതെ ഇരുവരും അലഞ്ഞു. ഒടുവിൽ അവരുടെ മകൾ സൂര്യതാപമേറ്റ് മരിക്കുകയായിരുന്നു.

ഇതുപോലെയൊരു സംഭവത്തിൽ 2007 ൽ ഇന്ത്യൻ പാർലമെന്റ് അംഗമായിരുന്ന ബാബുഭായ് ഗത്താരയും പോലീസ് പിടിയിലായിരുന്നു. തന്റെ ഭാര്യയുടെ ഡിപ്ലോമാറ്റ് പാസ്പോർട്ടിൽ ഒരു യുവതിയെ നിയമവിരുദ്ധമായി കാനഡയിലേക്ക് കടത്തുവാൻ ശ്രമിച്ചപ്പോഴാണ് ബാബുഭായ് പിടിക്കപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ ഏകദേശം മുപ്പത് ലക്ഷം രൂപ ഇതിനായി നിശ്ചയിച്ചിരുന്നതായി കണ്ടെത്തി.

കുടിയേറ്റ കണക്കുകളിലെ ഇന്ത്യ

അമേരിക്കയിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2010 നും 2017 നും ഇടയ്ക്ക് മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യക്കാർ അമേരിക്ക സന്ദർശിച്ചതിൽ മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം പേർ വിസയുടെ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ നിന്ന് തിരികെ പോയില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരുടെ സ്‌പെൻഡിങ് പവർ 15.5 ബില്യൺ ഡോളറാണിപ്പോൾ. കൂടാതെ ഫെഡറൽ, സ്റ്റേറ്റ് പ്രാദേശിക നികുതിയിനത്തിൽ 2.8 ബില്യൺ ഡോളർ ഇവർ പ്രതിവർഷം നികുതിയായും അടക്കുന്നുണ്ട്. ഗാർഹിക വരുമാനം തന്നെ 18.3 ബില്യൺ ഡോളർ ആണ് ലഭിക്കുന്നത്. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ അനധികൃത കുടിയേറ്റക്കാരുടെ സംഭാവനയുടെ കാര്യത്തിൽ അമേരിക്കയിൽ ഇത് രണ്ടാം സ്ഥാനമാണ്.

അറിയാതെ പോകുന്ന “അമേരിക്ക”!!

അമേരിക്കയെ കുറിച്ച് പറയുമ്പോൾ നമ്മൾ ഓർക്കുന്നത് സമ്പന്നമായ ഒരു രാജ്യത്തെ കുറിച്ചാണ്. സമ്പന്നമായി ജീവിക്കുന്ന ജനതയെ കുറിച്ചാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളെ കുറിച്ചാണ്. ഇതെല്ലാം ശരി തന്നെയാണ്. അമേരിക്ക ഒരു സമ്പന്ന രാജ്യം തന്നെയാണ്. എന്നാൽ അമേരിക്കയിൽ ജീവിക്കുന്നവരെല്ലാവരും നമ്മൾ കരുതുന്ന പോലെ സമ്പന്നരല്ല എന്നുള്ള വസ്തുത അംഗീകരിക്കാതെ പോകരുത്. ശരാശരി അമേരിക്കകാരെല്ലാം സാധാരണക്കാരെപോലെ തന്നെ വരുമാനവും ചെലവും കൂട്ടിമുട്ടിച്ച് ജീവിക്കുന്നവരാണ്. മാത്രവുമല്ല നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ തൊഴിൽ ദിനങ്ങളും ജോലിചെയ്യേണ്ട മണിക്കൂറുകളും വളരെ കൂടുതലാണ്. പ്രതികൂല കാലാവസ്ഥ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്.

മെച്ചപ്പെട്ട ജീവിതത്തിനായി ഏതു മാർഗം വഴിയും കടൽ കടന്നാൽ മതിയെന്ന് വിചാരിക്കുന്നവർ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. നല്ലൊരു ജോലിയും ജീവിക്കാൻ അത്യാവശ്യം കൊള്ളാവുന്ന സാഹചര്യവും ഉണ്ടെങ്കിൽ നമ്മുടെ നാടിനേക്കാൾ മികച്ചതൊന്നും ലോകത്തൊരിടത്തും ലഭിക്കില്ല. സ്വന്തം നാട്ടിൽ ബഹുമാനവും ആദരവും തെറ്റില്ലാത്ത ശമ്പളവും ലഭിക്കുന്ന അനേകം പേർക്ക് വഴികാട്ടി ആകുവാൻ കഴിയുമായിരുന്ന അധ്യാപനം പോലൊരു ജോലിയുണ്ടായിരുന്ന ജഗദീഷ് അനധികൃത കുടിയേറ്റ ശ്രമത്തിനിടെ നഷ്ടപ്പെടുത്തിയത് ഈ മനോഹരമായ ഭൂമിയിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കേണ്ട കുറെ ദിവസങ്ങളാണ്. ഇതുപോലെ ഒരുപാട് ജഗദീഷും കുടുംബവും നമുക്കിടയിലുണ്ട്…

വിവരങ്ങൾക്ക് കടപ്പാട്: മധു കൊട്ടാരക്കര

Story Highlights : Unauthorized American exodus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top