Advertisement

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി: മുഹമ്മദ് റിയാസ്

February 2, 2022
Google News 1 minute Read

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു. കെട്ടിടമുള്‍പ്പെടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് സാമൂഹ്യ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ഒരു പോസിറ്റീവ് എനര്‍ജിയിലേക്ക് കുട്ടികളെ എത്തിക്കണമെങ്കില്‍ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് കളിസ്ഥലങ്ങളും ഷട്ടില്‍കോര്‍ട്ടും പൂന്തോട്ടമുള്‍പ്പെടെയുള്ളവ വേണം എന്ന ആവശ്യം ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തി നവീകരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികള്‍ ചാടിപോയ സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സല്‍മയെ സ്ഥലം മാറ്റി. വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയത്. ഇവരില്‍ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബംഗളൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. അതേ സമയം ചാടിപ്പോയ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. സ്റ്റേഷനില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടി പേരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. രണ്ടു യുവാക്കളെയാണ് പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയത്. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പൊലീസിന് മൊഴി നല്‍കിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥകൊണ്ടാണ് തങ്ങള്‍ പുറത്ത് പോയതെന്നും അവിടെ സുരക്ഷിതമല്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഇതിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടിരുന്നു. ബാക്കി കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.

Story Highlights : Steps to renovate Vellimadukunnu Children’s Home: Mohammad Riyaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here