Advertisement

വന്ദേഭാരത് ബദലായേക്കാം; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി തരൂര്‍

February 2, 2022
1 minute Read

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പരസ്യ നിലാപടുമായി രംഗത്തെത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ പറയുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം പദ്ധതിയ്ക്ക് അനുകൂലമായ നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പദ്ധതിയെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ മനസിലാക്കാതെയുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്ന നിലപാടായിരുന്നു തരൂരിന്റേത്.
എന്നാല്‍ തരിരൂരിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ എന്താണെന്നത് സംബന്ധിച്ച് വ്യക്തയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണോ നിലപാട് മാറ്റം എന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരും.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.

Story Highlights : Tharoor changes stance on Silver Line project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top