പുഷ്പ സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടു,
രക്തചന്ദനം കടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് കൈയോടെ പിടികൂടി. ബംഗളൂരു സ്വദേശിയായ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വലയിലായത്.
കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് കുടുക്കിയത്. അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തിയ ‘പുഷ്പ’ സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി കള്ളക്കടത്തിന് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം ട്രക്കില്‍ രക്തചന്ദനം കയറ്റി. പിന്നീട് അതിന് മുകളിലായി പഴങ്ങളും പച്ചക്കറിയും നിറച്ച പെട്ടികള്‍ അടുക്കി. ഇതിന് പുറമേ കൊവിഡ് അവശ്യ ഉത്പ്പന്നങ്ങള്‍ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു. അതിന് ശേഷമാണ് യാസിന്‍ ഇനയിത്തുള്ള തടികള്‍ കടത്താന്‍ ശ്രമിച്ചത്. പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ കര്‍ണാടക അതിര്‍ത്തി കടന്ന് വേഗത്തില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഇയാളെ മഹാരാഷ്ട്ര പൊലീസാണ് പിടികൂടിയത്. തുടര്‍ന്ന് വാഹനത്തിലെ പഴങ്ങളും പച്ചക്കറികളും മാറ്റി പരിശോധന നടത്തിയപ്പോഴാണ് 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികള്‍ കണ്ടെത്തിയത്.
ആന്ധ്രയിലെ കാടുകളില്‍ സുലഭമായ രക്തചന്ദനം ഫോറസ്റ്റിന്റെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് കടത്തുന്ന ഒരു സംഘത്തിന്റെ കഥയാണ് പുഷ്പ പറയുന്നത്. പൊലീസും ഫോറസ്റ്റും അവര്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്. അവിടേക്ക് കൂലിപ്പണിക്കായി എത്തുന്ന പുഷ്പരാജ് എന്ന പുഷ്പ ആ സംഘത്തിന്റെ തലവനായി മാറുന്നതും അതിനായി അവന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന ശത്രുക്കളും പ്രണയവും അടങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. സുകുമാറാണ് സിനിമ സംവിധാനം ചെയ്തത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here