ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവം; അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും

ഉത്തർപ്രദേശിലെ മീററ്റിൽ ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ ഫെബ്രുവരി 7 ന് മറുപടി നൽകും. ആക്രമണത്തെ തുടർന്ന് എ.ഐ.എം.ഐ.എം മേധാവിയുടെ സുരക്ഷ കേന്ദ്ര സർക്കാർ അവലോകനം ചെയ്യുകയും അദ്ദേഹത്തിന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇസഡ് സുരക്ഷ നൽകുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
“എനിക്ക് മരണത്തെ ഭയമില്ല, ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ല, ഞാൻ ഇത് നിരസിക്കുന്നു. എന്നെ ‘എ’ കാറ്റഗറി പൗരനാക്കുക. ഞാൻ മിണ്ടാതിരിക്കില്ല…. കുറ്റവാളികൾക്കെതിരെ യുഎപിഎ ചുമത്തണം. വിദ്വേഷവും സമൂലവൽക്കരണവും അവസാനിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുക” – ഒവൈസി പാർലമെന്റിൽ പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാഴാഴ്ച ഒവൈസി എത്തിയിരുന്നു.
അതേസമയം ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‘ഹിന്ദു വിരുദ്ധ’ പരാമർശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളുടെ പേരിൽ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ പരസ്പരം പരിചയമുള്ളതായി വ്യക്തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വെടിവെക്കാൻ ഉപയോഗിച്ച 9 എംഎം പിസ്റ്റൾ പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികൾ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുർതിർത്തത്.
Story Highlights: amit Shah to give detailed reply in Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here