24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്താനിലേക്ക്; പരമ്പര മാർച്ച് 4 മുതൽ

24 വർഷത്തിന് ശേഷം പാകിസ്താൻ പര്യടനത്തിന് അംഗീകാരം നൽകി ക്രിക്കറ്റ് ഓസ്‌ട്രേലിയ. 1998ലാണ് ഓസ്‌ട്രേലിയ അവസാനമായി പാകിസ്താനിൽ കളിച്ചത്. പാകിസ്താനിലേക്ക് മുന്‍നിര ടീമുകള്‍ പരമ്പരയ്‌ക്കായി മടങ്ങിയെത്തുന്നതില്‍ നിര്‍ണായകമാകും ഈ പര്യടനം. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും, ഒരു ടി20യും ഉണ്ടാകും.
റാവൽപിണ്ടി, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. റാവല്‍പിണ്ടിയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.12-ാം തിയതി മുതല്‍ കറാച്ചിയില്‍ രണ്ടാം ടെസ്റ്റും 21 മുതല്‍ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കുന്ന ഏകദിന ട്വന്റി 20 മത്സരങ്ങൾ റാവല്‍പിണ്ടിയിലാണ്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയതികളില്‍ ഏകദിനങ്ങളും ഏപ്രില്‍ അഞ്ചിന് പര്യടനത്തിലെ ഏക ടി20യും നടക്കും.
ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോർഡ് പരമ്പരയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയതിൽ സന്തോഷമുണ്ടെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചീഫ് എക്‌സിക്യൂട്ടീവ് ഫൈസൽ ഹസ്‌നൈൻ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷം ന്യൂസിലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു. 2009-ൽ ലാഹോറിൽ ശ്രീലങ്കൻ ടീം ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഒരു ദശാബ്ദത്തോളം പാകിസ്താനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല.
Story Highlights: cricket australia approves tour of pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here