കൊവിഡ് കുറയുന്നു, ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കും

കൊവിഡ് കുറയുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവ ഫെബ്രുവരി 7 മുതല്‍ വീണ്ടും തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കൈക്കൊണ്ട തീരുമാനമാണ് സര്‍ക്കാര്‍ അറിയിച്ചത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഫെബ്രുവരി 7ന് ആരംഭിക്കുന്നത്. എന്നാല്‍ നഴ്‌സറി മുതല്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 14 മുതലാണ് പുനരാരംഭിക്കുന്നത്. (Delhi Schools, Gyms Reopen On Monday)
കുട്ടികളെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വ്വകലാശാലകള്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവയും ഫെബ്രുവരി 7 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
ജനുവരി 27ന് നടന്ന ഡി.ഡി.എം.എ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. സ്‌കൂളുകളും കോളജുകളും തുറക്കേണ്ടത് അത്യാവശ്യമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വാദിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളുകളിലെത്താതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി മാത്രം മുന്നോട്ട് പോകുന്നത് ആരോഗ്യകരമല്ലെന്ന് പറഞ്ഞ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ, അമിതമായ ജാഗ്രതയുടെ പേരില്‍ സ്‌കൂളകള്‍ അടച്ചിടന്നത് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കി. പകര്‍ച്ചവ്യാധി മൂലമുള്ള സ്‌കൂളുകളുടെ അടച്ചുപൂട്ടല്‍ കുട്ടികളുടെ പഠനത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. കൊവിഡ് കാലത്ത് കുട്ടികളുടെ സുരക്ഷയ്ക്കായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. എന്നാല്‍, കൊവിഡ് കുട്ടികള്‍ക്ക് അത്ര ഹാനികരമല്ലെന്ന് വിവിധ ഗവേഷണങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷകള്‍ക്കും അനുബന്ധ തയ്യാറെടുപ്പുകള്‍ക്കുമുള്ള സമയമായതിനാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടത് അനിവാര്യമാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി രണ്ടിന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നിട്ടുണ്ടെന്നും ഡല്‍ഹി ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണെന്നും വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 16 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here