Advertisement

ഈജിപ്ഷ്യന്‍ വിപ്ലവത്തെക്കുറിച്ച് യുയാവ് ഫേസ്ബുക്ക് പോസ്റ്റിട്ടു; പിന്നാലെ അറസ്റ്റ്, കാണാതാവല്‍

February 4, 2022
2 minutes Read

ഫേസ്ബുക്കില്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. പോസ്റ്റ് വിവാദത്തില്‍ അറസ്റ്റിലായ യുവാവിനെയാണ് പിന്നീട് കാണാതായത്. 2011ലെ പ്രോ-ഡെമോക്രസി റെവല്യൂഷന്റെ വാര്‍ഷികത്തിന് പോസ്റ്റ് പങ്കുവെച്ച സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഹയ്തം എല്‍-ബന്ന എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. (Egypt: Man detained after Facebook post remembering 2011 revolution)

ഈജിപ്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അറസ്റ്റിലാവുന്നതിന് പിന്നാലെ ആളുകളെ കാണാതാവുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇത് അതീവഗുരുതരമായ സാഹചര്യമാണെന്നും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും പറയുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ന വീട്ടുതടങ്കലിലാണ് കഴിഞ്ഞിരുന്നതെന്നും അതുകൊണ്ടുതന്നെ യുവാവുമായി യാതൊരു കമ്യൂണിക്കേഷനും സാദ്ധ്യമല്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

ജനുവരി 25ന് 2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പതിനൊന്നാം വാര്‍ഷികത്തെ അനുസ്മരിച്ച് ഹയ്തം പോസ്റ്റ് ചെയ്ത രണ്ട് ഫേസ്ബുക്ക് കുറിപ്പുകളാണ് അറസ്റ്റിനും കാണാതാവലിനും കാരണമെന്ന് സഹോദരി ഷെയ്മ പറഞ്ഞു. ‘ ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന പ്രകൃതക്കാരനല്ല ഹയ്തം. സഹജീവികളോട് ഏറ്റവും കരുണയുള്ളവനും ബുദ്ധിശാലിയുമായ ആളാണ് അവന്‍. വളരെ സമാധാനപ്രിയനുമാണ്. സ്വയം സ്നേഹിക്കുന്നതിനുമപ്പുറം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനാണവന്‍.’ ഹയ്തമിന്റെ സഹോദരി ഷെയ്മാ എല്‍. ബന്ന വിശദീകരിച്ചു.
ഹയ്തമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അധികൃതര്‍ പ്രതികരിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

നിലവിലെ ഈജിപ്തിന്റെ പ്രസിഡന്റ് മുന്‍ മിലിറ്ററി ഓഫീസറായ അബ്ദെല്‍ ഫത്ത എല്‍-സിസിയാണ്. മുന്‍ പ്രസിഡന്റ് മുര്‍സിയെ 2013ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ടാണ് എല്‍-സിസി അധികാരം പിടിച്ചെടുക്കുന്നത്. 2011ലെ ഈജിപ്ഷ്യന്‍ റെവല്യൂഷന് പിന്നാലെ 2012ല്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച്, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ ഈജിപിതിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.

ഈജിപ്ഷ്യന്‍ റെവല്യൂഷന്‍ 2011 ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി 11 വരെയാണ് നീണ്ടുനിന്നത്. ഹുസ്നി മുബാറക്കിന്റെ ഭരണത്തിന്‍ കീഴിലെ പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധമാണ് അന്ന് നടന്നത്.
അബ്ദെല്‍ ഫത്ത എല്‍-സിസി പ്രസിഡന്റായി സ്ഥാനമേറ്റത് മുതല്‍ ഇപ്പോഴത്തെ സംഭവത്തിന് സമാനമായി ആളുകളെ കാണാതാവുന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യത്ത് പതിവാണെന്ന് പ്രാദേശിക, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് ആക്ടിവിസ്റ്റുകളുടെ ആവശ്യം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top