Advertisement

മെയ്ക് ഇന്‍ ഇന്ത്യ വെറും പ്രഹസനം മാത്രമെന്ന ആക്ഷേപവുമായി അധീര്‍ രഞ്ജന്‍ ചൗധരി

February 5, 2022
1 minute Read

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേന്ദ്രത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മെയ്ക് ഇന്‍ ഇന്ത്യ എന്നത് കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണെന്ന് ചൗധരി പറഞ്ഞു. ചൈനയില്‍ നിന്ന് രാജ്യത്തേക്ക് വ്യാപകമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി 69 മില്യണ്‍ ഡോളറാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. മെയ്ക് ഇന്‍ ഇന്ത്യ വിജയകരമാണെങ്കില്‍ ഇപ്പോഴും നമ്മള്‍ എന്തിന് ചൈനയെ ആശ്രയിക്കുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണെമന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ചരക്കുകള്‍ ചൈനയില്‍ നിന്ന് വ്യാപകമായി ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടി തന്നെയായിരുന്നു രാഹുലിന്റെയും വിമര്‍ശനങ്ങള്‍. ചൈനയെ ഈ വിധത്തില്‍ ആശ്രയിക്കുകയാണെങ്കില്‍ മെയ്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് ബൈ ഫ്രം ചൈന എന്ന് പേരുമാറ്റുന്നതാകും നല്ലതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാജ്യത്തെ അസംഘടിത തൊഴില്‍ മേഖലയെ മോദി സര്‍ക്കാര്‍ തകര്‍ത്തു. കോര്‍പറേറ്റുകളെയും വന്‍കിട വ്യവസായങ്ങളേയും മാത്രം പ്രോത്സാഹിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തൂത്തെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ചൈനയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയാണ് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കുന്നത്. ചൈനയേയും പാക്കിസ്ഥാനേയും പരസ്പരം തന്ത്രപരമായി അകറ്റുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെട്ടതിനാല്‍ ഇപ്പോള്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ജനങ്ങളോട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പാതകമാണ് അതെന്നും കോണ്‍ഗ്രസ് ആഞ്ഞടിക്കുകയായിരുന്നു.

Story Highlights: adhir ranjan chowdhary against make in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top