‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിക്കൂടേ?’; രാഹുലിനോട് മറുചോദ്യവുമായി ബിജെപി

കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കര്‍ണാടക ബിജെപി. രാജ്യത്തിന്റെ ഭാവിക്ക് രാഹുല്‍ ഗാന്ധി അപകടകാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി കര്‍ണാടക ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പ്രതികരിച്ചു. കോണ്‍ഗ്രസ് വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. വിദ്യാഭ്യാസത്തില്‍ ഹിജാബ് ഇത്ര അനിവാര്യമായ ഘടകമാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിക്കൂടേയെന്നും ബിജെപി ചോദിച്ചു. കമ്മ്യൂണല്‍ കോണ്‍ഗ്രസ് എന്ന ഹാഷ്ടാഗ് കൂടി ഉപയോഗിച്ചാണ് ബിജെപി ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നുമായിരുന്നു വിഷയത്തില്‍ ബിജെപിയുടെ നിലപാട്. വിദ്യാലയങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ പറഞ്ഞു.
സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുകയാണെന്നും ആരോടും യാതൊരും വേര്‍തിരിവും കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ഥിനികള്‍ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കില്‍ അതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.
ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കിയ കോളേജിന്റെ നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളേജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here