Advertisement

ഹിജാബ് വിവാദം, കോടതി വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ പുറത്ത് തന്നെ

February 5, 2022
Google News 3 minutes Read

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത് വരെ കോളേജിലെത്താനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ കോടതി തീരുമാനം പറയുംവരെ ഇവര്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിഫോമിന്റെ കാര്യത്തില്‍ നിലവിലുള്ള നിബന്ധന തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകുകയോ കേസ് ഇനിയും നീണ്ടുപോവുകയോ ചെയ്താല്‍ നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിവരും.

കര്‍ണാടകയിലെ പി.യു കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഒരു സമിതിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Read Also : കര്‍ണാടകയില്‍ ഹിജാബ് പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് വ്യാപിക്കുന്നു

ഇതിനിടെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതികരണവുമായെത്തിയിട്ടുണ്ട്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രഗ്യ സിംഗ് ഠാക്കൂറിനും കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ഹിജാബും ധരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Mehbooba Mufti, Omar Abdulla, reaction on hijab ban)

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്‌സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കിയ കോളേജിന്റെ നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളേജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Story Highlights: Mehbooba Mufti, Omar Abdulla, reaction on hijab ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here