ആദ്യം 60 എംഎല്‍എമാര്‍ തികയട്ടേ, മുഖ്യമന്ത്രി ആരെന്ന ചോദ്യം പിന്നീട്: നവജ്യോത് സിംഗ് സിദ്ദു

പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബില്‍ കോണ്‍ഗ്രസിന് ആദ്യം 60 സീറ്റുകള്‍ ലഭിക്കട്ടേയെന്നും മുഖ്യമന്ത്രി എന്നത് പിന്നീടുള്ള വിഷയമാണെന്നും സിദ്ദു പറഞ്ഞു. നാളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകും എന്നതിനെ ചുറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഭരണം ലഭിക്കുന്നതിനായി 60 സീറ്റുകള്‍ എങ്ങനെ നേടിയെടുക്കാം എന്നത് ഇതിനിടെ ആരും ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ജയിക്കുന്നതാണ് ഈ ഘട്ടത്തില്‍ പ്രധാനം.’ സിദ്ദു പറഞ്ഞു. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയില്‍ ഭരണം നേടുന്നതിനായി 59ല്‍ കൂടുതല്‍ ഭൂരിപക്ഷം ആവശ്യമാണ്.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കും സിദ്ദുവിനും രണ്ടര വര്‍ഷം വീതം നല്‍കാനാണ് ആലോചന. എന്നാല്‍ മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചന്നിക്കും സിദ്ദുവിനും രണ്ടര വര്‍ഷം വീതം ഭരണം ലഭിക്കാനുള്ള സാധ്യത തീരെക്കുറവാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അഭിപ്രായ വോട്ടെടുപ്പില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് മുന്‍ തൂക്കമങ്കിലും ചന്നിയുടെ മരുമകന്റെ അറസ്റ്റോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പഞ്ചാബിലെത്തും.ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം ജനഹിതം തേടിയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയാണ് ജന പിന്തുണയില്‍ ഒന്നാമനായത്. എന്നാല്‍ കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ചന്നിക്ക് മേല്‍ കരിനിഴല്‍ വീണു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here