Advertisement

ഭൂമി തരംമാറ്റല്‍; ഫോര്‍ട്ട്കൊച്ചിയില്‍ കെട്ടികിടക്കുന്നത് ആയിരക്കണക്കിന് ‘ജീവിതങ്ങള്‍’

February 5, 2022
Google News 2 minutes Read

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിക്കുമ്പോഴും ഭൂമി തരംമാറ്റുന്നതിനായി ഫോര്‍ട്ട്കൊച്ചി ആര്‍ഡി ഓഫിസില്‍ മാത്രം കെട്ടികിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകള്‍. ഭൂമി തരം മാറ്റലുമായി ബന്ധപെട്ട നടപടിക്രമങ്ങളില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് ഇന്നലെ പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് 25000ത്തോളം അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്ക് തന്നെ വ്യക്തമാക്കുന്നത്. ഇത്രയും അപേക്ഷകള്‍ കെട്ടികിടക്കുമ്പോഴും അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കാര്യമായി പുരോഗമിക്കുന്നില്ലെന്നതാണ് വസ്തുത. കാലതാമസം പരിഹരിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചിയില്‍ ഡിസംബര്‍ 24നും ജനുവരി ആറിനുമായി രണ്ട് അദലാത്തുകള്‍ സംഘടിപ്പിച്ചെങ്കിലും 140 അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കാനായത്. ഡിസംബര്‍ മുതല്‍ ഇതുവരെ ആദാലത്തിലുള്‍പ്പെടെയായി 4000ത്തോളം അപേക്ഷകള്‍ മാത്രമാണ് പരിഹരിക്കാന്‍ കഴിഞ്ഞതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതിദിനം 150 അപേക്ഷകള്‍

ഒരു ദിവസം മാത്രം ഫോര്‍ട്ട്കൊച്ചി ആര്‍ഡി ഓഫിസില്‍ 100 മുതല്‍ 150 വരെ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. ഒരു ദിവസം തീര്‍പ്പാക്കുന്നതിലുമധികം അപേക്ഷകള്‍ നിലവില്‍ ഓഫിസുകളില്‍ ലഭിക്കുന്നുവെന്നത് ഉദ്യോഗസ്ഥരേയും കുഴപ്പിക്കുന്നുണ്ട്. ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാമെങ്കിലും അതിന്റെ തുടര്‍ നടപടി ക്രമങ്ങള്‍ക്ക് വില്ലെജ് ഓഫിസില്‍ നിന്നും കൃഷിഭവനില്‍ നിന്നുമെല്ലാം അനുമതി തേടല്‍ സര്‍വേ നടപടികള്‍ ഉള്‍പ്പെടെയുള്ളതിലുണ്ടാകുന്ന കാലതാമസവും അപേക്ഷകള്‍ കെട്ടികിടക്കാനിടയാക്കുന്നുണ്ട്.

ആര്‍ഡി ഓഫിസിനെതിരേ നേരത്തേയും പരാതികള്‍

ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന പരാതി നേരത്തേ മുതല്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫിസിനെ സംബന്ധിച്ചുണ്ട്. ഈ ഓഫിസിലുണ്ടായിരുന്ന ജീവനക്കാര്‍ ഫയലുകള്‍ നീക്കുന്നതില്‍ കാണിച്ച അലംഭാവമാണ് ഇപ്പോള്‍ ഒരു ജീവന്‍ പൊലിയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടത്തോടെ സ്ഥലം മാറ്റി പകരം ജീവനക്കാരെ വച്ചെങ്കിലും നടപടികളില്‍ കാര്യമായ വേഗതയുണ്ടായില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പുതിയതായി എത്തിയ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതുമാണ് കാര്യങ്ങള്‍ സുഗമമായി പോകുന്നതിന് തടസമായതെന്നും പറയുന്നു. മറ്റിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷനായി ജീവനക്കാരെ വെച്ച് അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്.

ഫോര്‍ട്ട്കൊച്ചിയില്‍ പരിഗണിക്കുന്നത് നാലു താലൂക്കുകളിലെ അപേക്ഷ

കൊച്ചി, ആലുവ, പറവൂര്‍, കണയന്നൂര്‍ എന്നീ നാല് താലൂക്കില്‍ നിന്നുള്ള അപേക്ഷകളാണ് ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫിസില്‍ വരുന്നത്. ഒരു ദിവസം ഭൂമി തരം മാറ്റലുമായി ബന്ധപെട്ട് നൂറിലേറെ അപേക്ഷകളാണ് ആര്‍.ഡി ഓഫിസില്‍ വരുന്നതെന്നാണ് പറയുന്നത്. ആര്‍.ഡി ഓഫിസില്‍ വരുന്ന അപേക്ഷ അതാത് വില്ലെജ്, കൃഷി ഓഫിസുകളിലേക്ക് അയക്കും അവിടെ നിന്ന് വീണ്ടും വില്ലെജിലെത്തി താലൂക്ക് ഓഫിസില്‍ വന്ന ശേഷമാണ് ആര്‍.ഡി ഓഫിസിലേക്കെത്തുക. ഇത്തരം നടപടി ക്രമങ്ങള്‍ക്ക് തന്നെ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരും.

ഫയലുകള്‍ പോകുന്നത് തപാല്‍ വഴി

ഫയലുകള്‍ തപാല്‍ വഴിയാണ് പോകുന്നതെന്നതിനാല്‍ താലൂക്ക് ഓഫിസില്‍ നിന്ന് ജീവനക്കാര്‍ വന്നാല്‍ മാത്രമേ നടക്കൂ. ആഴ്ചയില്‍ ഒരിക്കലാകും ഇത്തരത്തില്‍ ജീവനക്കാര്‍ എത്തുക. ഇതേ നടപടികള്‍ തന്നെയാണ് താലൂക്കില്‍ നിന്ന് വില്ലെജിലേക്ക് പോകാനും. ഇങ്ങനെ ആഴ്ചകളായിരിക്കും പോകുക. മാത്രമല്ല ഫയലുകളില്‍ വല്ല ന്യൂനതകള്‍ ഉണ്ടെങ്കില്‍ വീണ്ടും ഇതേ രീതിയില്‍ പോകേണ്ടി വരും. ഇങ്ങനെ വലിയ രീതിയില്‍ കാലതാമസം നേരിടുന്നതും സാധാരണക്കാരെ കുഴക്കുന്നുണ്ട്.

ഫയല്‍ നമ്പറും അപേക്ഷനെ വട്ടം കറക്കും

ആര്‍.ഡി ഓഫിസില്‍ എത്തുന്ന അപേക്ഷകളില്‍ ഇപ്പോള്‍ താത്കാലിക നമ്പറാണ് നല്‍കുന്നത്. എന്നാല്‍ ഫയല്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ തപാല്‍ നമ്പറായിരിക്കും ഇടുക. ഈ നമ്പര്‍ അപേക്ഷകന്റെ കൈവശമുണ്ടാകില്ല. ഫയല്‍ സംബന്ധിച്ച് അന്വേഷണത്തിന് വരുന്ന അപേക്ഷകന് ഇതുമൂലം വിവരങ്ങള്‍ അറിയാന്‍ കഴിയാത്ത സാഹചര്യമാണ്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ തപാല്‍ നമ്പര്‍ നല്‍കിയാല്‍ ഇത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അപേക്ഷകര്‍ പറയുന്നത്. ഏജന്റുമാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി അപേക്ഷ കക്ഷി നേരിട്ട് തന്നെ നല്‍കണമെന്ന ഓഫിസിലെ നിയമം മൂലം അസുഖ ബാധിതരായി കിടക്കുന്നവരും വിദേശത്ത് കഴിയുന്നവരും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. ഇതിന് പരിഹാരം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഓഫിസില്‍ പ്രത്യേക സംവിധാനം വേണം

ഓഫിസില്‍ അപേക്ഷ സ്വീകരിക്കുന്നതിനും ഫയല്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പ്രത്യേകം ജീവനക്കാരെ നിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് ഈ ഓഫിസില്‍ ഭൂമി തരം മാറ്റലുമായി ബന്ധപെട്ട് കെട്ടികിടക്കുന്നത്.

കാലാനുസൃത മാറ്റം അനിവാര്യം

അതേസമയം ഭൂമി തരംമാറ്റലുമായി ബന്ധപെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കുറഞ്ഞ അളവില്‍ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവരുടെ അപേക്ഷകള്‍ അതാത് താലൂക്ക് ഓഫിസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. 2008ന് മുന്‍പ് ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവര്‍ക്ക് വില്ലെജ് ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം തരം മാറ്റല്‍ നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് അനുവാദം നല്‍കിയാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്ന് ജീവനക്കാരും പറയുന്നു. ഇത് സാധാരണക്കാരായ അപേക്ഷകര്‍ക്കും ഗുണകരമാകും.

ചുവപ്പുനാടയില്‍ കുരുങ്ങുന്ന ഫയലുകളും കുരിക്കഴിക്കാനും മാര്‍ഗളേറെയുണ്ട്

  • കുറഞ്ഞ അളവ് ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവരുടെ അപേക്ഷകള്‍ അതാത് താലൂക്ക് ഓഫിസുകളില്‍ തീര്‍പ്പാക്കണം.
  • സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി അപേക്ഷ പരിഗണിക്കുന്നതിനൊപ്പം ഉള്ളടക്കത്തിനും മുന്‍ഗണന നല്‍കണം.
  • മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള മുന്‍ഗണന ഉത്തരവ് ആവശ്യം
  • ഭൂമി തരംമാറ്റുന്നതിനിടയില്‍ ബാങ്ക് ലോണുകളില്‍ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കണം
  • അഞ്ചു സെന്റിന് മുകളിലുള്ള ഭൂമിയുടെ തരംമാറ്റത്തിന് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം

Story Highlights: Thousands of files are lying around in Fort Kochi RD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here