Advertisement

മുൻകരുതലുകൾ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചു: മന്ത്രി വിഎൻ വാസവൻ

February 5, 2022
Google News 2 minutes Read
vava suresh vn vasavan

വേണ്ട മുൻകരുതലുകൾ എടുത്ത് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചതായി മന്ത്രി വിഎൻ വാസവൻ. ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് വാവ സുരേഷ് പറഞ്ഞു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വിഎൻ വാസവൻ്റെ വെളിപ്പെടുത്തൽ. (vava suresh vn vasavan)

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാവിലെ കോട്ടയത്ത് പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളെജിൽ നിന്ന് ഡോക്ടറുടെ ഫോൺ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താൻ സാധിക്കുമോ. അതിനെന്താ ആകാമല്ലോ എന്നുമറുപടി പറഞ്ഞ് , ഓഫീസിലെ കാര്യങ്ങൾ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടർമാർക്കൊപ്പം മുറിയിലേക്ക് പോയി.

ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടർമാരുടെ ആവശ്യം ഞാൻ അറിയിച്ചു. അതുപോലെ വേണ്ട മുൻ കരുതൽ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാൻ എന്ന കാര്യവും ഓർമ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോൾ , ആളുകൾ വിളിക്കുമ്പോൾ എനിക്ക് പോകാതിരിക്കാൻ പറ്റില്ല സാർ , ഒരു ഫോൺ വിളി കാസർകോട്ടു നിന്നാണങ്കിൽ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാൻ അറിയില്ല . ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം , ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയിൽ നിന്ന് മടങ്ങി.

പാലക്കാട്ടു നിന്നുള്ള ഒരു കുടുംബം വാവ സുരേഷിനെ കാണുന്നതിനായി ആശുപത്രിക്ക് പുറത്തു കാത്തു നിൽക്കുകയായിരുന്നു. അവർക്ക് കാണണം എന്നു സെക്യൂരിറ്റി ജീവനക്കാർ വന്നു പറഞ്ഞപ്പോൾ അവരുമായി സംസാരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സർപ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുൻപു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകൾ അകറ്റാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാവുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങൾ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.

Story Highlights: vava suresh vn vasavan facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here