Advertisement

ക്യാപ്റ്റൻ നയിച്ചു; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

February 6, 2022
Google News 2 minutes Read
india won west indies

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 176 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യൻ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 28 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 60 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നയിച്ചത്. സൂര്യകുമാർ യാദവ് 34 റൺസെടുത്ത് പുറത്താവാതെ നിന്നു. (india won west indies)

ആക്രമണ മോഡിലാണ് രോഹിത് ശർമ്മ തുടക്കം മുതൽ ബാറ്റ് വീശിയത്. വളരെ അനായാസം രോഹിത് നിറഞ്ഞാടിയപ്പോൾ മറുവശത്ത് ഇഷാൻ കിഷൻ ബുദ്ധിമുട്ടുകയായിരുന്നു. പക്ഷേ, രോഹിതിൻ്റെ തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഫിഫ്റ്റിയും കടന്ന് കുതിച്ച രോഹിത് ഒടുവിൽ അൽസാരി ജോസഫിനു മുന്നിലാണ് വീണത്. 51 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സറും സഹിതം 60 റൺസെടുത്ത രോഹിത് ആദ്യ വിക്കറ്റിൽ 84 റൺസ് കൂട്ടുകെട്ടിലും പങ്കാളി ആയി. മുൻ ക്യാപ്റ്റൻ വിരാട് കോലി (8) അൽസാരി ജോസഫിൻ്റെ അടുത്ത ഇരയായി. ഇഷാൻ കിഷൻ (28), ഋഷഭ് പന്ത് (11) എന്നിവർ വേഗം മടങ്ങി. കിഷൻ അകീൽ ഹുസൈനു മുന്നിൽ വീണപ്പോൾ പന്ത് റണ്ണൗട്ടായി.

Read Also : എറിഞ്ഞുപിടിച്ച് ഇന്ത്യ; പൊരുതി ഹോൾഡർ: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം

അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവും അരങ്ങേറ്റക്കാരൻ ദീപക് ഹൂഡയും ഉറച്ചുനിന്നതോടെ ഇന്ത്യ അനായാസം ജയത്തിലേക്ക് നീങ്ങി. സൂര്യകുമാർ യാദവ് ആക്രമിച്ച് കളിച്ചപ്പോൾ ഹൂഡയും മോശമാക്കിയില്ല. അപരാജിതമായ 62 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഖ്യം ഇന്ത്യയെ 22 ഓവർ ബാക്കിനിൽക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. സൂര്യകുമാർ (34), ഹൂഡ (26) എന്നിവർ ക്രീസിൽ തുടർന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 57 റൺസെടുത്ത ജേസൻ ഹോൾഡർ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ നാലും വാഷിംഗ്ടൺ സുന്ദർ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: india won west indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here