പ്രാർത്ഥനകൾ വിഫലം; മൊറോക്കോയിൽ കിണറ്റിൽ വീണ ബാലൻ മരിച്ചു

മൊറോക്കോയിൽ നാല് ദിവസമായി കിണറ്റിൽ കുടുങ്ങിയ 5 വയസുകാരൻ മരിച്ചു. ആഗോള ശ്രദ്ധയാകർഷിച്ച നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ പുറത്തെടുത്തത്. മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി.
മൊറോക്കോയിലെ പർവതപ്രദേശമായ വടക്കൻ ചെഫ്‌ചൗവൻ പ്രവിശ്യയിലെ ഇഗ്രാൻ ഗ്രാമത്തിൽ തന്റെ വീടിന് പുറത്തെ 32 മീറ്റർ (105 അടി) ആഴമുള്ള കിണറ്റിലാണ് ചൊവ്വാഴ്ച വൈകുന്നേരം റയാൻ വീണത്. മൂന്ന് ദിവസത്തോളം തെരച്ചിൽ സംഘങ്ങൾ ബുൾഡോസർ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടോപ്പോഗ്രാഫിക്കൽ എഞ്ചിനീയറിംഗിലെ വിദഗ്ധരെ സഹായത്തിനായി വിളിച്ചതായി മൊറോക്കോയുടെ MAP വാർത്താ ഏജൻസി അറിയിച്ചു.
‘കുട്ടിക്ക് ഓക്സിജനും വെള്ളവും എത്തിക്കാൻ വിവിധ മാർഗങ്ങളൾ സ്വീകരിച്ചിരുന്നു. നിരീക്ഷിക്കാൻ ക്യാമറയും ഉപയോഗിച്ചു. കുട്ടിയുടെ അവസ്ഥ നിർണ്ണയിക്കാൻ കഴിയില്ല, കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു’ – രക്ഷാസമിതി തലവൻ അബ്ദുൽഹാദി തെമ്രാനി പറഞ്ഞു. കുട്ടിയെ ജീവനോടെ മാതാപിതാക്കൾക്ക് നൽകുന്നതിന് എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ രാജാവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
രക്ഷാപ്രവർത്തകരുടെ പ്രയത്നത്തിന് രാജാവ് അഭിനന്ദിക്കുകയും കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി ഇറങ്ങിയ സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടിയെ രക്ഷിക്കാൻ നൂറുകണക്കിന് ഗ്രാമവാസികൾ തടിച്ചുകൂടിയിരുന്നു. മൊറോക്കോയിലെ റിഫ് പർവതനിരകളിലെ ദരിദ്രരും വരണ്ടതുമായ പ്രദേശങ്ങളിലെ പലരുടെയും പ്രധാന വരുമാന സ്രോതസ്സായ കഞ്ചാവ് വിളയ്ക്ക് ജലസേചനം നടത്തുന്നതിന് അഞ്ഞൂറോളം ആളുകളുള്ള ഗ്രാമം ആഴത്തിലുള്ള കിണറുകളാൽ നിറഞ്ഞതാണ്.
Story Highlights: morocco-boy-trapped-in-deep-died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here