Advertisement

‘ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ള എഫ്‌ഐആര്‍’; ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അഡ്വ ബി രാമന്‍പിള്ള

February 7, 2022
Google News 2 minutes Read

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ അന്വേഷണസംഘം കള്ള എഫ്‌ഐആര്‍ ഉണ്ടാക്കിയെന്ന ആരോപണവുമായി അഡ്വ ബി രാമന്‍പിള്ള. കേസ് റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്നും രാമന്‍ പിള്ള ട്വന്റിഫോറിനോട് വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ പറഞ്ഞത് അന്വേഷണസംഘത്തിന്റെ തിരക്കഥയാണ്. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ചു. പൊലീസിനെ ഉപയോഗിച്ച് ദിലീപിനെ കുടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അഡ്വ ബി രാമന്‍പിള്ള പറഞ്ഞു.

ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദസന്ദേശങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അഡ്വ. രാമന്‍പിള്ള വാദിക്കുന്നത്. ശബ്ദസന്ദേശങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടവയാണെന്നാണ് രാമന്‍പിള്ളയുടെ ആരോപണം. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്തശേഷം വേറെ ചില ദിവസങ്ങളിലെ സംഭാഷണ ശകലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റെക്കോഡ് ചെയ്ത ടാബ്ലെറ്റും ലാപ്‌ടോപ്പും പെന്‍ഡ്രൈവുമടക്കമുള്ള ഡിവൈസുകള്‍ ഹാജരാക്കാതെ ഏത് കോടതിയാണ് ഇതെല്ലാം വിശ്വസിക്കുകയെന്ന് രാമന്‍ പിള്ള ചോദിച്ചു.

ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടതെല്ലാം കേസുണ്ടാക്കാനായി കെട്ടിച്ചമച്ചതാണെന്ന് അഡ്വ രാമന്‍ പിള്ള പറഞ്ഞു. 2015 ഏപ്രില്‍ മാസത്തില്‍ ബാലചന്ദ്രകുമാറുമായുള്ള സകല ബന്ധങ്ങളും ദിലീപ് ഉപേക്ഷിച്ചിരുന്നു. ദിലീപിനോടുള്ള വ്യക്തിവൈരാഗ്യം മനസില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം ചേര്‍ന്ന് ഉണ്ടാക്കിയ തിരക്കഥ പരാതിയുടെ രൂപത്തിലാക്കുകയായിരുന്നെന്നാണ് ആരോപണം. ദിലീപിനെതിരായി പൊലീസിനെ ഉപയോഗിക്കുകയാണെന്നും രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെയാണ് ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.

Story Highlights: adv b raman pillai against balachandra kumar and police dileep case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here