Advertisement

20 വർഷം മുൻ പെനാൽറ്റി നഷ്ടപ്പെടുത്തി കിരീടം കൈവിട്ടു; ഇന്നലെ പരിശീലകനായി ഷൂട്ടൗട്ടിൽ കിരീടം: ‘ചക്‌ ദേ സെനഗൽ’

February 7, 2022
2 minutes Read

ആഫ്രിക്ക നേഷൻസ് കപ്പ് ഫൈനലിൽ ഈജ്പ്തിനെ കീഴടക്കി സെനഗൽ കിരീടം നേടിയപ്പോൾ അത് സെനഗൽ പരിശീലകൻ അലിയോ സിസെയ്ക്ക് കാവ്യനീതി ആയിരുന്നു. 20 വർഷം മുൻപ് ഇതുപോലൊരു ഫൈനലിൽ, ഇതുപോലൊരു ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തി സെനഗലിനു കിരീടം നഷ്ടപ്പെടുത്തിയ വേദനിപ്പിക്കുന്ന ഒരു കഥ പറയാനുണ്ട് സിസെയ്ക്ക്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘ചക് ദേ! ഇന്ത്യ’ എന്ന സിനിമയുടെ റിയൽ ലൈഫ് വേർഷൻ. ചക് ദേ ഇന്ത്യയിൽ, ഷാരൂഖിൻ്റെ കഥാപാത്രം കബീർ ഖാൻ പാകിസ്താനെതിരായ ഹോക്കി ലോകകപ്പ് മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. പിന്നീട് ഇന്ത്യൻ വനിതാ ടീം പരിശീലകനായി എത്തുന്ന കബീർ ഖാൻ വനിതാ ടീമിനെ ലോകജേതാക്കൾ ആക്കുകയാണ്. അതിനു സമാനമായ സംഭവമാണ് ഇന്നലെ കണ്ടത്. (aliou cisse senegal story)

Read Also : സലയെ വീഴ്ത്തി മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്

2002 നേഷൻസ് കപ്പിലാണ് സിസെ ദുരന്തനായകനായത്. കാമറൂണും സെനഗലും തമ്മിലായിരുന്നു ഫൈനൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളുകളൊന്നും നേടാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക്. സെനഗലിനായി ആദ്യ കിക്കെടുത്തത് ക്യാപ്റ്റൻ സിസെ ആയിരുന്നു. കിക്കെടുത്ത സിസെയ്ക്ക് പിഴച്ചു. തുടർന്നുള്ള രണ്ട് കിക്കുകളും സെനഗലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാനത്തെ രണ്ട് കിക്കുകൾ അവർ ലക്ഷ്യത്തിലെത്തിച്ചെങ്കിലും 2-3 എന്ന സ്കോറിന് കാമറൂൺ കളി ജയിച്ചു.

കാലം കടന്നുപോയി. 2005ൽ സിസെ വിരമിച്ചു. 10 വർഷങ്ങൾക്കു ശേഷം 2015ൽ അദ്ദേഹം ദേശീയ ടീം പരിശീലകനായി. 2018ൽ സെനഗലിന് അദ്ദേഹം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു. അവിടെയും സിസെയെ നിർഭാഗ്യം പിന്തുടർന്നു. ചരിത്രത്തിൽ ആദ്യമായി ഫെയർപ്ലേ നിയമത്തിലൂടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സെനഗൽ പുറത്ത്. 2002ൻ്റെ മോശം ഓർമയ്ക്ക് ശേഷം 2019ലാണ് പിന്നീട് സെനഗൽ നേഷൻസ് കപ്പ് ഫൈനൽ കളിക്കുന്നത്. ഇത്തവണയും നിർഭാഗ്യം സിസെയെ വിടാതെ പിന്തുടർന്നു. അൾജീരിയക്കെതിരെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെനഗൽ കിരീടം കൈവിട്ടു. ഇതിലും തളരാതെ പൊരുതിയെ സിസെയും സെനഗലും ഇക്കൊല്ലത്തെ കിരീടം നേടി 2002ലെ മോശം ഓർമ്മ കഴുകിക്കളഞ്ഞു.

Story Highlights: aliou cisse senegal story africa nations cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top