ദിലീപിന്റെ മുൻകൂർ ജാമ്യം; വിധി പകർപ്പ് പുറത്ത്

ഗൂഢാലോചനക്കേസിൽ ദിലീപിനു മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന് കോടതി പറയുന്നു. ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദവും കോടതി തള്ളി. പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ഫോണുകൾ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാനാവില്ല. പാതിവെന്ത വസ്തുതകൾ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും കൈവശമുണ്ടായിരുന്ന ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു.
ഗൂഢാലോചനക്കേസിൽ ഹൈക്കോടതി ദിലീപിനു മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ സുപ്രിംകോടതിയെ സമീപിക്കില്ലെന്നാണ് റിപ്പോർട്ട്. തത്കാലം സുപ്രിംകോടതിയിൽ അപ്പീൽ നൽകേണ്ടെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ അപ്പോൾ ആലോചിക്കാം എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഹൈക്കോടതി വിധി പൂർണമായും പ്രതിഭാഗത്തിന് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ സുപ്രിംകോടതിയെ സമീപിച്ചാൽ അപ്പീൽ തള്ളാനാണ് സാധ്യതയെന്നും പ്രോസിക്യൂഷൻ കണക്കുകൂട്ടുന്നു. നേരത്തെ, വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാമെന്ന് പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, വിധിപ്പകർപ്പ് വായിച്ചതിനു ശേഷമാണ് അത് വേണ്ടെന്ന് പ്രോസിക്യൂഷൻ തീരുമാനിച്ചത്.
കേസിന്റെ അന്വേഷണവുമായി പ്രതികൾ പൂർണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.
ഉപാധികളോടെയാണ് ജാമ്യം നൽകുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉപാധികൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.
Story Highlights: dileep anticipatory bail update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here