Advertisement

‘ബി എസ് എന്‍ എല്‍ അനിവാര്യമാണ്’; സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര ഐ ടി മന്ത്രി

February 7, 2022
Google News 1 minute Read

പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ബിഎസ്എന്‍എലിനെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക സമ്മര്‍ദ്ദവും സാങ്കേതികമായ പ്രതിസന്ധികളും അടക്കം ബി എസ് എന്‍ എല്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യാ ടുഡെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബജറ്റ് റൗണ്ട് ടേബിള്‍ പരിപാടിയിലൂടെയായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടെലികോം മേഖല ചില പ്രത്യേക സ്വകാര്യ കമ്പനികളുടെ കുത്തകയാകുമോ എന്ന് ദീര്‍ഘകാലമായി ആശങ്കയുയര്‍ന്നിരുന്നു. പൊതുമേഖല ടെലികോം കമ്പനിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന തരത്തില്‍ വിലയിരുത്തലുകള്‍ കൂടി പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ബി എസ് എന്‍ എല്‍ ലാഭകരമായി നടന്നുവന്നിരുന്ന സ്ഥാപനമായിരുന്നെന്നും യു പി എ ഭരണകാലത്തെ ചില നയങ്ങള്‍ കാരണമാണ് കമ്പനി പ്രതിസന്ധി നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. കടുത്ത പ്രതിസന്ധി കാലത്ത് 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ചില സഹായ നടപടികള്‍ കൈക്കൊണ്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനും ടെലികോം രംഗത്തിനും ബി എസ് എന്‍ എല്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ വിസ്മരിക്കാനാകില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശത്തും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വനമേഖലകളിലും വിദൂര ഗ്രാമങ്ങളിലും ടെലികോം സര്‍വീസ് എത്തിച്ചത് ബി എസ് എന്‍ എല്‍ ആണെന്നത് മറക്കാനാകില്ല. ബി എസ് എന്‍ എല്‍ സ്ഥാപനത്തെ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഉചിതമായ നയം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: it minister on bsnl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here